
തിരുവനന്തപുരം: ഗവർണറായി അധികാരമേറ്റ ആദ്യദിനം തന്നെ സർക്കാരിനെ തിരുത്തി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗവർണറുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് സംഘത്തിലെ ഏതാനും പേരെ മാറ്റിയ സർക്കാർ നടപടിയാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മരവിപ്പിച്ചത്. ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ രാജ്ഭവനിൽ വിളിച്ചുവരുത്തിയാണ് ഗവർണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിയ നടപടി റദ്ദാക്കാൻ ആവശ്യപ്പെട്ടത്. ഗവർണറുടെ ആവശ്യം മനോജ് എബ്രഹാം അപ്പോൾത്തന്നെ അംഗീകരിക്കുകയായിരുന്നു.
ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരെയായിരുന്നു അർലേക്കറുടെ സുരക്ഷാ സംഘത്തിൽ നിന്നും ഒഴിവാക്കിയത്. പകരം സർക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിക്കാനായിരുന്നു സർക്കാരിന്റെ നീക്കം. എന്നാൽ, ആദ്യദിവസം തന്നെ ഈ തീരുമാനത്തെ ഗവർണർ തിരുത്തുകയായിരുന്നു.
ഒഴിവാക്കപ്പെട്ടവർ തന്നെയാണ് പരാതി ഗവർണറുടെ സവിധം എത്തിച്ചതെന്നാണ് വിവരം. തുടർന്ന് രാജ്ഭവനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച ഗവർണർ ഈ നീക്കത്തിനു പിന്നിലുള്ള ലക്ഷ്യത്തെപ്പറ്റി സംശയത്തിലായി. തുടർന്ന് മനോജ് ഏബ്രഹാമിനെ കാണാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു.











