05:13am 10 November 2026
NEWS
മുഖ്യമന്ത്രിയുടെ മൗനം ​ഗവർണറുടെ ​ഗുഡ്ബുക്കിൽ കയറാനോ?
07/06/2025  08:17 AM IST
nila
മുഖ്യമന്ത്രിയുടെ മൗനം ​ഗവർണറുടെ ​ഗുഡ്ബുക്കിൽ കയറാനോ?

രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി ഗവർണറും സിപിഐയും തമ്മിൽ രാഷ്ട്രീയ പോര് പ്രഖ്യാപിച്ചപ്പോഴും മുക്യമന്ത്രി പിണറായി വിജയൻ മൗനത്തിൽ. ഭാരതാംബയുടെ കയ്യിലുണ്ടാകേണ്ടത് കാവിക്കൊടി അല്ലെന്നും ​ഗവർണർ രാജ്ഭവനിൽ വെച്ചത് രാജ്യത്തിന്റെ പ്രതീകമല്ല, ആർ എസ് എസിന്റെ പ്രതീകമാണ് എന്നുമാണ് സിപിഐ നിലപാട്. സിപിഐ മന്ത്രി പി പ്രസാദ് രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ചതും ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ്. എന്നാൽ, ഇതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ മന്ത്രി പി പ്രസാദിന്റെ നിലപാടിനെ പിന്തുണച്ച് രം​ഗത്തെത്തിയെങ്കിലും വിഷയത്തിൽ ഇതുവരെയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടില്ല.

മന്ത്രി പി പ്രസാദ് രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിൽ നിന്നും പിന്മാറിയതോടെ സർക്കാരും ​ഗവർണറും തമ്മിലുള്ള തർക്കമായാണ് കാവിക്കൊടിയേന്തിയ ഭാരതാംബ വിഷയം ഉടലെടുത്തത്. എന്നാൽ, ഈ വിഷയം പിണറായി ഏറ്റുപിടിച്ചില്ല. എന്നാൽ, സിപിഐയും ​ഗവർണറും വിഷയം വലിയ ചർച്ചയാക്കി മാറ്റുകയും ചെയ്തു. രാജ്ഭവനിൽ ഇനിയുള്ള എല്ലാ പരിപാടികളിലും ഭാരതാംബയുടെ ചിത്രമുണ്ടാകണം എന്ന നിലപാടാണ് ​ഗവർണർക്ക് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം, വിഷയം രാഷ്ട്രീയ പ്രചാരണത്തിനായി ഏറ്റെടുത്തിരിക്കുകയാണ് സിപിഐ.

 ഗവർണർക്കെതിരേ രാഷ്ട്രപതിക്ക് സിപിഐ രാജ്യസഭാനേതാവ് പി. സന്തോഷ് കുമാർ പരാതിനൽകി. ഭാരതമാതാവിന്റെ പ്രതീകം ഭാരതത്തിന്റെ ദേശീയപതാകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്ലാ ബ്രാഞ്ചുകളിലും ശനിയാഴ്ച ദേശീയപതാക ഉയർത്താൻ സിപിഐ തീരുമാനിച്ചിട്ടുണ്ട്. ദേശീയപതാക ഉയർത്തി വൃക്ഷത്തൈകൾ നട്ട് പ്രതിഷേധം സംഘടിപ്പിക്കാനാണ് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആഹ്വാനം. എന്നാൽ, ​ഗവർണറുമായി പ്രത്യക്ഷ ഏറ്റമുട്ടലിന് സംസ്ഥാന സർക്കാർ തയ്യാറാകുന്നുമില്ല. 

ഗവർണറുടെ നടപടിയോടുള്ള സർക്കാരിന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതായിരുന്നു പി പ്രസാദിന്റെ പിന്മാറ്റം എന്നാണ് സർക്കാർ നിലപാട്. അതിനപ്പുറം വിഷയം വഷളാക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ ഇപ്പോൾ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തതും അതുകൊണ്ടാണ്. മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ മാറി രാജേന്ദ്ര ആർലേക്കർ വന്നതോടെ ‘നല്ലബന്ധം’ കാത്തുസൂക്ഷിക്കാനുള്ള ബോധപൂർവമായ ശ്രമത്തിലാണ് സർക്കാരിപ്പോൾ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img