06:28am 09 November 2026
NEWS
ഡിജിറ്റൽ യുഗത്തിലേക്ക് ചുവടുവെച്ച് കേരള ഭരണകൂടം: 'ഡിജിറ്റൽ-ഫസ്റ്റ്' നയവും 'വൺസ്-ഒൺലി' മാതൃകയും നടപ്പിലാക്കുന്നു
09/08/2026  10:27 AM IST
സുരേഷ് വണ്ടന്നൂർ
ഡിജിറ്റൽ യുഗത്തിലേക്ക് ചുവടുവെച്ച് കേരള ഭരണകൂടം: ഡിജിറ്റൽ-ഫസ്റ്റ് നയവും വൺസ്-ഒൺലി മാതൃകയും നടപ്പിലാക്കുന്നു

 

 

 


​ ജനങ്ങളുടെ ജീവിതസൗകര്യം വർദ്ധിപ്പിക്കുന്നതിനും ഭരണസംവിധാനത്തിലെ ചുവപ്പുനാടകളും കാലതാമസവും ഒഴിവാക്കുന്നതിനുമായി വൻ ഭരണപരിഷ്കാരങ്ങൾക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ. ഇ സേവനങ്ങളും പേപ്പർരഹിത ഭരണവും പൂർണ്ണമായി ഉറപ്പാക്കുന്ന 'ഡിജിറ്റൽ-ഫസ്റ്റ്' (Digital-First) രീതിയിലേക്ക് മാറാനാണ് പദ്ധതി.
​ഇതിന്റെ ഭാഗമായി അനാവശ്യവും കാലഹരണപ്പെട്ടതുമായ നിയമങ്ങൾ റദ്ദാക്കാനും, ഫയൽനീക്കങ്ങളിലെ തട്ടുകളുടെ എണ്ണം കുറച്ച് തീരുമാനം വേഗത്തിലാക്കാനും നടപടി ആരംഭിച്ചു.
​ബിസിനസ് പോളിസി സെൽ രൂപീകരിച്ചു
ഭരണ നടപടിക്രമങ്ങൾ അനായാസമാക്കാൻ പൊതുഭരണ വകുപ്പിന് കീഴിൽ 'ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ-എൻജിനിയറിംഗ് സെൽ' നിലവിൽ വന്നു. ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും നേരിട്ടായിരിക്കും ഈ സെൽ റിപ്പോർട്ട് നൽകുക. സെക്രട്ടേറിയറ്റിലെ ഫയൽനീക്കങ്ങൾ, റൂൾസ് ഓഫ് ബിസിനസ്, ഓഫീസുകളുടെ പ്രവർത്തന മാന്വലുകൾ എന്നിവ പുനഃപരിശോധിച്ച് അനാവശ്യമായ നോട്ടിംഗുകളും റഫറൻസുകളും ഒഴിവാക്കുകയാണ് സെല്ലിന്റെ പ്രധാന ലക്ഷ്യം. ജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നതിനായി ചോദ്യാവലിയും തയാറാക്കും.
​ഡിജിറ്റൽ സേവനങ്ങളും 'വൺസ്-ഒൺലി' നയവും
​പൂർണ്ണ ഡിജിലോക്കർ സേവനം: സർക്കാർ സേവനങ്ങൾക്കായി ഡിജിലോക്കർ നിർബന്ധമാക്കും. ഡിജിറ്റൽ രേഖകൾ ലഭ്യമായാൽ പിന്നെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോ ഫോട്ടോകോപ്പികളോ ആവശ്യപ്പെടില്ല.
വൺസ്-ഒൺലി' (Once-Only) തത്വം: ഒരേ വിവരങ്ങളും സർട്ടിഫിക്കറ്റുകളും പല ഓഫീസുകളിൽ ആവർത്തിച്ച് സമർപ്പിക്കേണ്ടി വരുന്നത് ഒഴിവാക്കും. ഒരു തവണ നൽകിയ രേഖകൾ വകുപ്പുകൾ തമ്മിൽ സുരക്ഷിതമായി പങ്കുവെക്കാനുള്ള ഡിജിറ്റൽ സംവിധാനം വരും.
​സിവിൽ സർവീസിലും കെ.എ.എസിലും മാറ്റങ്ങൾ
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (KAS) ഘടന പുനഃപരിശോധിക്കുന്നതിനൊപ്പം കേഡർ തസ്തികകളിൽ മാറ്റം വരുത്താനും തീരുമാനമായിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നിരന്തര മാറ്റം ഒഴിവാക്കാൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഒരു തസ്തികയിൽ കുറഞ്ഞത് രണ്ടുവർഷത്തെ സേവനകാലാവധി ഉറപ്പാക്കും.
​ഏകോപനത്തിനും പദ്ധതി നിരീക്ഷണത്തിനും ഉന്നതാധികാരസമിതി
പദ്ധതികൾ സമയബന്ധിതമായി തീർപ്പാക്കാനും വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും ഒരു കേന്ദ്രീകൃത ഉന്നതാധികാരസമിതിക്ക് രൂപം നൽകി. ഡിജിറ്റൽ മോണിറ്ററിംഗ്, പ്രോഗ്രാം രജിസ്ട്രികൾ, ഡാഷ്ബോർഡുകൾ എന്നിവയിലൂടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കും.
​കൂടാതെ, കേന്ദ്രഫണ്ട് തടസ്സമില്ലാതെ നേടിയെടുക്കൽ, കേന്ദ്ര ഏജൻസികളുമായും മറ്റ് സംസ്ഥാനങ്ങളുമായുമുള്ള ഏകോപനം, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ചുമതല എന്നിവയും പുതുതായി രൂപീകരിച്ച സെല്ലിനായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img