
ഭർതൃപിതാവ് ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ ഷെറിന്റെ ജയിൽമോചനം വൈകുമെന്ന് റിപ്പോർട്ട്. ജയിലിലെ നല്ലനടപ്പ് കണക്കിലെടുത്ത് ഷെറിന് ശിക്ഷാകാലയളവിൽ ഇളവു നൽകി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉടൻ നടപ്പാക്കേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. ജനുവരിയിലാണ് ഷെറിനെ ജയിൽമോചിതയാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. എന്നാൽ, തീരുമാനമെടുത്ത് രണ്ടുമാസം കഴിഞ്ഞിട്ടും ഫയൽ അംഗീകാരത്തിനായി ഗവർണർക്ക് അയച്ചിട്ടില്ല.
ഷെറിനെ വിട്ടയയ്ക്കുന്നതിൽ ബാഹ്യസമ്മർദമുണ്ടായെന്ന് ആരോപണമുയർന്നിരുന്നു. മന്ത്രിസഭാ തീരുമാനത്തിനുശേഷം ജയിലിൽ സഹതടവുകാരിയെ കയ്യേറ്റം ചെയ്ത കേസിൽ ഷെറിൻ പ്രതിയാകുകയും ചെയ്തു. ഇതോടെയാണ് ഷെറിന്റെ ജയിൽമോചനം തിടുക്കപ്പെട്ട് വേണ്ടെന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്.
കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന കണ്ണൂർ വനിതാ ജയിൽ ഉപദേശകസമിതിയാണു ഷെറിന്റെ അകാല വിടുതലിനു ശുപാർശ നൽകിയത്. ഇതനുസരിച്ചാണ് ജനുവരിയിൽ മന്ത്രിസഭാ യോഗം ശുപാർശക്ക് അംഗീകാരം നൽകിയതും. മന്ത്രിസഭാ തീരുമാനം ഗവർണറുടെ അംഗീകാരത്തിനു വിടാനുള്ള ഫയൽ ദിവസങ്ങൾക്കകം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൈമാറിയെങ്കിലും സാഹചര്യം എതിരായതോടെ പിന്നീട് അനങ്ങിയില്ല. ഷെറിനെ വിട്ടയയ്ക്കുന്നതിനെതിരെ ഗവർണർക്കു പരാതി ലഭിച്ചിരുന്നു. ഇതിൽ ഗവർണർ വിശദീകരണം ചോദിക്കുമെന്ന സൂചനയും സർക്കാരിനു ലഭിച്ചു.











