12:16am 12 November 2026
NEWS
സിവിൽ സർവീസിൽ വൻ അഴിച്ചുപണിക്ക് സർക്കാർ; ഐഎഎസ്, ഐപിഎസ് തലങ്ങളിൽ വ്യാപക മാറ്റങ്ങൾക്ക് നീക്കം
08/06/2026  08:31 AM IST
nila
സിവിൽ സർവീസിൽ വൻ അഴിച്ചുപണിക്ക് സർക്കാർ; ഐഎഎസ്, ഐപിഎസ് തലങ്ങളിൽ വ്യാപക മാറ്റങ്ങൾക്ക് നീക്കം

തിരുവനന്തപുരം: സംസ്ഥാന ഭരണസംവിധാനത്തിൽ സമഗ്ര അഴിച്ചുപണിക്ക് സർക്കാർ ഒരുങ്ങുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ചുമതലകളിലും വകുപ്പുകളിലും വ്യാപക മാറ്റങ്ങൾ വരുത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിതരായ നിരവധി ഉദ്യോഗസ്ഥർ ഇപ്പോഴും അതേ സ്ഥാനങ്ങളിൽ തുടരുന്ന സാഹചര്യത്തിൽ, പുതിയ സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ അനുയോജ്യമായ രീതിയിൽ ഉദ്യോഗസ്ഥ വിന്യാസം പുനഃക്രമീകരിക്കാനാണ് നീക്കം.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഇതിനായുള്ള പ്രാഥമിക ചർച്ചകൾ വിവിധ തലങ്ങളിൽ നടന്നു. ഐഎഎസ് ഉദ്യോഗസ്ഥരിലെ മാറ്റങ്ങൾക്ക് പിന്നാലെ ഐപിഎസ് വിഭാഗത്തിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇതിനായുള്ള കൂടിയാലോചനകൾ ആരംഭിച്ചതായാണ് വിവരം.

ആഭ്യന്തരം, ഗതാഗതം, കൃഷി, പൊതുവിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ സെക്രട്ടറിതലം മുതൽ മാറ്റങ്ങൾ വേണമെന്ന ആവശ്യം മന്ത്രിമാരിൽ നിന്നുയർന്നിട്ടുണ്ട്. സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ആറു ജില്ലാ കലക്ടർമാരെ മാറ്റിയെങ്കിലും, വ്യാപകമായ ഉദ്യോഗസ്ഥ പുനഃക്രമീകരണം ഇതുവരെ നടന്നിരുന്നില്ല.

ഈ മാസം 30ന് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിരമിക്കുന്നതോടെ പുതിയ ചീഫ് സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയും ധനകാര്യ സെക്രട്ടറി കെ.ആർ. ജ്യോതിലാലും പ്രധാന പരിഗണനയിലാണുള്ളത്. സീനിയോറിറ്റിയിൽ സിൻഹ മുന്നിലാണെങ്കിലും അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും.

പൊലീസ് വകുപ്പിലും കമ്മിഷണർമാർ, ജില്ലാ പൊലീസ് മേധാവിമാർ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച എ.പി. ഷൗക്കത്തലി കമ്മിഷണർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി.യായ അദ്ദേഹം മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെട്ട ‘രക്ഷാപ്രവർത്തന’ കേസ് അന്വേഷിച്ചുവരികയാണ്.

എഡിജിപി തലത്തിലെ പ്രധാന ചുമതലകളായ ക്രമസമാധാനം, ഇന്റലിജൻസ്, ക്രൈംബ്രാഞ്ച്, ജയിൽ വകുപ്പ്, പൊലീസ് ആസ്ഥാനം എന്നിവയിലും മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. നിലവിൽ ക്രമസമാധാനവും ക്രൈംബ്രാഞ്ചും കൈകാര്യം ചെയ്യുന്ന എച്ച്. വെങ്കിടേഷിനെ മാറ്റി ദിനേന്ദ്ര കശ്യപ്പോ പി. വിജയനോ എത്താനിടയുണ്ടെന്നാണ് സൂചന.

ബെവ്കോ സിഎംഡിയായ എഡിജിപി എം.ആർ. അജിത്കുമാറിനെ മാറ്റണമെന്ന നിലപാടും എക്സൈസ് മന്ത്രിക്കുണ്ടെന്നാണ് വിവരം. അടുത്ത മാസം അഗ്നിരക്ഷാസേനാ മേധാവി നിതിൻ അഗർവാൾ വിരമിക്കുന്നതോടെ അജിത്കുമാറിന് ഡിജിപി റാങ്കിലേക്ക് ഉയരാനുള്ള സാധ്യതയുണ്ട്. എന്നാൽ ‘രക്ഷാപ്രവർത്തന’ കേസിൽ ആരോപണങ്ങൾ തെളിയുകയാണെങ്കിൽ അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടിയും സ്ഥാനക്കയറ്റ തടസ്സവും നേരിടേണ്ടിവരും.

അടുത്ത വർഷം ജൂലൈയിൽ സംസ്ഥാന പൊലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖർ വിരമിക്കുമ്പോൾ പുതിയ ഡിജിപിയെ കണ്ടെത്താനുള്ള നടപടികളും ആരംഭിക്കും. ഡിജിപി റാങ്കിലുള്ള യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം എന്നിവർക്കൊപ്പം അജിത്കുമാറും അന്ന് പരിഗണനാ പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img