
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും വൻകിട വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമായി കേരളത്തിൽ നോളജ് വാലി സ്ഥാപിക്കാൻ സർക്കാർ. വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ, ഗവേഷണ സ്ഥാപനങ്ങൾ, പുതിയ കമ്പനികൾ, നൂതന പഠന കോഴ്സുകൾ എന്നിവയ്ക്ക് അവസരമൊരുക്കുന്ന പദ്ധതിയുടെ വിശദാംശങ്ങളടങ്ങിയ ബിൽ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഭൂമി ലഭ്യമാക്കുന്നതിലും സ്ഥാപനങ്ങൾ ആരംഭിക്കുന്നതിലും നിക്ഷേപകർക്ക് പ്രത്യേക ഇളവുകൾ നൽകാനും നിർദേശമുണ്ട്.
വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവയെ ഒരൊറ്റ സംവിധാനത്തിന് കീഴിൽ കൊണ്ടുവരികയാണ് നോളജ് വാലിയുടെ പ്രധാന ലക്ഷ്യം. വിഡി സതീശന്റെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ കരട് ബില്ലിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്കുള്ള നിർദേശങ്ങളാണുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ് ടെക്, ലൈഫ് സയൻസ്, മറൈൻ സയൻസ്, എയ്റോസ്പേസ്, ഐടി, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാനും ദേശീയ, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആകർഷിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം ഗവേഷണഫലങ്ങൾ പ്രയോജനപ്പെടുത്തി പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അവസരമുണ്ടാകും. ഇതുവഴി നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
പദ്ധതിക്കാവശ്യമായ ഭൂമി കണ്ടെത്തുന്നതിനും ലഭ്യമാക്കുന്നതിനും പ്രത്യേക സംവിധാനമുണ്ടാകും. സർക്കാർ നേരിട്ട് ഭൂമി ഏറ്റെടുത്ത് നൽകുകയോ സ്വകാര്യ വ്യക്തികളുടെ ഭൂമി ലാൻഡ് പൂളിങ് സംവിധാനത്തിലൂടെ ലഭ്യമാക്കുകയോ ചെയ്യാം. കിൻഫ്രയുടെ കൈവശമുള്ള ഉപയോഗിക്കാത്ത ഭൂമിയും ഇതിനായി പരിഗണിക്കും. വിവിധ അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ ഏകജാലക സംവിധാനവും ഒരുക്കും. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്, കെട്ടിട നികുതി എന്നിവയിൽ നിക്ഷേപകർക്ക് ഇളവുകൾ നൽകാനും കരട് ബില്ലിൽ നിർദേശമുണ്ട്.
നോളജ് വാലിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക അതോറിറ്റിയും രൂപീകരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ അതോറിറ്റിയിൽ ഉന്നതവിദ്യാഭ്യാസം, ഐടി, വ്യവസായം, കായികം എന്നീ വകുപ്പുകളുടെ മന്ത്രിമാർ ഉപാധ്യക്ഷന്മാരായിരിക്കും.
കേരളത്തിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്ന പ്രവണത കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് സർക്കാർ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസവും ഗവേഷണ സൗകര്യങ്ങളും സംസ്ഥാനത്ത് തന്നെ ലഭ്യമാക്കുന്നതിലൂടെ കൂടുതൽ വിദ്യാർഥികളെ കേരളത്തിൽ നിലനിർത്താനാകുമെന്നാണ് പ്രതീക്ഷ.
സ്വകാര്യ സർവകലാശാലകൾക്കും പുതിയ വ്യവസ്ഥകൾ
നോളജ് വാലി ബില്ലിനൊപ്പം സ്വകാര്യ സർവകലാശാലകളുമായി ബന്ധപ്പെട്ട നിയമത്തിലും മാറ്റങ്ങൾ നിർദേശിക്കുന്നുണ്ട്. മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിപിഎം-സിപിഐ തർക്കത്തെ തുടർന്ന് ഒഴിവാക്കിയ വിസിറ്റർ പദവി വീണ്ടും കൊണ്ടുവരും. ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കും വിസിറ്റർ.
സ്വകാര്യ സർവകലാശാല ആരംഭിക്കുന്നതിന് ആവശ്യമായ ഭൂമിയുടെ പരിധി 20 ഏക്കറിൽ നിന്ന് 10 ഏക്കറായി കുറയ്ക്കാനാണ് നിർദേശം. 25 കോടി രൂപ ട്രഷറി നിക്ഷേപമായി നിർബന്ധമായും സൂക്ഷിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കും. പകരം, നിക്ഷേപത്തുക സർക്കാർ നിശ്ചയിക്കും.
സർവകലാശാലകളിലെ ആകെ സീറ്റുകളിൽ 25 ശതമാനത്തിന് കേരളത്തിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് മുൻഗണന നൽകാനും വ്യവസ്ഥയുണ്ടാകും. സംവരണ മാനദണ്ഡങ്ങളും സ്ഥാപനങ്ങൾ പാലിക്കേണ്ടിവരും.
ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പരിഷ്കാരങ്ങളാണിതെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, ഭൂമി ലഭ്യമാക്കുന്നതിലെ ഇളവുകളും സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളും പുതിയ വിവാദങ്ങൾക്കും വഴിവെച്ചേക്കാം. റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് നേട്ടമുണ്ടാക്കാനുള്ള നീക്കമാണിതെന്നും പൊതുവിദ്യാഭ്യാസ മേഖലയിൽനിന്ന് സർക്കാർ പിന്മാറുന്നതിനും വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തിനും വഴിയൊരുക്കുമെന്നും വിമർശനങ്ങൾ ഉയരാനുള്ള സാധ്യതയുണ്ട്.










