
കൊടുംവെയിലും കനത്ത മഴയും അവഗണിച്ച് നഗരങ്ങളിൽ ജോലി ചെയ്യുന്ന ഓൺലൈൻ ഡെലിവറി ജീവനക്കാർ ഉൾപ്പെടെയുള്ള ഗിഗ് തൊഴിലാളികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സൗജന്യ വിശ്രമകേന്ദ്രങ്ങൾ ആരംഭിക്കുന്നു. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കുന്നത്. അടുത്ത മാസം 20-നകം ഇവ പ്രവർത്തനം ആരംഭിക്കുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. പദ്ധതിക്കായി 90 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ തൊഴിലാളികൾക്ക് കിടന്ന് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കും. വൃത്തിയുള്ള ശുചിമുറി, കുടിവെള്ളം, ടിവി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. സേവനങ്ങളെല്ലാം ഗിഗ് തൊഴിലാളികൾക്ക് സൗജന്യമായിരിക്കും.
നിലവിൽ വാടകക്കെടുത്ത കെട്ടിടങ്ങളിലാണ് വിശ്രമകേന്ദ്രങ്ങൾ ആരംഭിക്കുന്നത്. പദ്ധതി പിന്നീട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തൊഴിൽ വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഭാവിയിൽ കണ്ടെയ്നർ ബ്ലോക്ക് മാതൃകയിൽ ആധുനിക സൗകര്യങ്ങളുള്ള സ്ഥിരം വിശ്രമകേന്ദ്രങ്ങൾ സ്വന്തമായി നിർമിക്കാനും വകുപ്പ് ലക്ഷ്യമിടുന്നുണ്ട്.
ഗിഗ് തൊഴിലാളികൾക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ‘ഗിഗ് ഹബ്’ സ്ഥാപിക്കുന്നതിനായി 20 കോടി രൂപ മാറ്റിവയ്ക്കുമെന്ന് 2026ലെ കേരള ബജറ്റിലും പ്രഖ്യാപിച്ചിരുന്നു.










