
തിരുവനന്തപുരം: മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും ഉൾപ്പെടെ വിതരണം ചെയ്യുന്നതിനായി 480 ആപ്പിൾ ഐപാഡുകൾ വാങ്ങാൻ കേരള സർക്കാർ. 6.71 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഒക്ടോബർ 16ന് ഇ-ടെൻഡർ ക്ഷണിച്ചു. സർക്കാർ വകുപ്പുകൾ ചെലവുകൾ നിയന്ത്രിക്കണമെന്ന് ധനവകുപ്പ് നിർദേശിക്കുന്നതിനിടെയാണ് ഈ വാങ്ങൽ നടപടികൾ.
മൂന്ന് വിഭാഗങ്ങളിലായാണ് ഐപാഡുകൾ വാങ്ങുന്നത്. 13 ഇഞ്ച് ഐപാഡ് പ്രോ 256 ജിബി, 11 ഇഞ്ച് ഐപാഡ് പ്രോ 256 ജിബി, 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ പ്ലസ് സെല്ലുലാർ 256 ജിബി എന്നിവയുടെ 160 യൂണിറ്റുകൾ വീതമാണ് ടെൻഡറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
13 ഇഞ്ച് ഐപാഡ് പ്രോയ്ക്കായി 3.19 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഒരു യൂണിറ്റിന് ഏകദേശം 1.99 ലക്ഷം രൂപ വരും. 11 ഇഞ്ച് ഐപാഡ് പ്രോ മോഡലുകൾ വാങ്ങാൻ 2.23 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. യൂണിറ്റിന് ഏകദേശം 1.39 ലക്ഷം രൂപയാണ് ഇതിന്റെ വില. മൂന്നാമത്തെ വിഭാഗത്തിലുള്ള 160 ഐപാഡുകൾക്കായി 1.27 കോടി രൂപ ചെലവഴിക്കും.
മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ഉപയോഗത്തിനുള്ള ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്ലെറ്റുകൾ എന്നിവ വാങ്ങുന്നതിനുള്ള പരമാവധി ചെലവുപരിധി സർക്കാർ അടുത്തിടെ ഉയർത്തിയിരുന്നു. 1.5 ലക്ഷം രൂപയിൽനിന്ന് രണ്ട് ലക്ഷം രൂപയായാണ് പരിധി വർധിപ്പിച്ചത്. ഈ തീരുമാനത്തിനു പിന്നാലെയാണ് ഐപാഡ് വാങ്ങലിനായി കെൽട്രോൺ ടെൻഡർ നടപടികൾ ആരംഭിച്ചത്.










