
തിരുവനന്തപുരം: ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്ക് ടെൻഡറില്ലാതെ സർക്കാർ പ്രവൃത്തികൾ ഏറ്റെടുക്കാനുള്ള അനുമതി യുഡിഎഫ് സർക്കാർ നീട്ടി നൽകി. ഊരാളുങ്കലടക്കം 46 ഏജൻസികൾക്കാണ് ധനവകുപ്പ് പുതിയ ഉത്തരവിലൂടെ ഈ മാസം അവസാനം വരെ കാലാവധി ദീർഘിപ്പിച്ചത്. യുഡിഎഫ് പ്രതിപക്ഷത്തായിരുന്ന കാലത്ത് ഊരാളുങ്കലിനെതിരെ ശക്തമായ അഴിമതിയാരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും അധികാരത്തിലെത്തിയതിന് പിന്നാലെ നിലപാടിൽ നിന്നും മലക്കം മറിയുകയായിരുന്നു.
ഈ ഏജൻസികൾക്ക് ടെൻഡർ നടപടികളില്ലാതെ സർക്കാർ പദ്ധതികളുടെ കരാർ ഏറ്റെടുക്കാൻ അനുവദിക്കുന്ന പ്രത്യേക അനുമതിയുടെ കാലാവധി കഴിഞ്ഞ മേയ് 31-നാണ് അവസാനിച്ചിരുന്നത്. അതാണ് ഇപ്പോൾ സർക്കാർ പുതുക്കി നൽകിയിരിക്കുന്നത്.
പ്രതിപക്ഷത്തായിരുന്നപ്പോൾ ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കെതിരെ യുഡിഎഫ് നേതാക്കൾ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി നടത്തിയ വാർത്താസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, "മോദിക്ക് അദാനി എങ്ങനെയാണോ, പിണറായി വിജയന് ഊരാളുങ്കൽ അതുപോലെയാണ്" എന്നായിരുന്നു ആരോപണം. പിണറായി സർക്കാരിന്റെ അഴിമതിയുടെ കേന്ദ്രമാണ് ഊരാളുങ്കലെന്നും, ടെൻഡറില്ലാതെ കരാറുകൾ നൽകി കോടിക്കണക്കിന് രൂപയുടെ നേട്ടം സിപിഎമ്മിന് ലഭിച്ചെന്നുമാണ് അദ്ദേഹം ആരോപിച്ചത്. അധികാരത്തിലെത്തിയാൽ എല്ലാ ഇടപാടുകളും അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അധികാരത്തിലെത്തിയതിന് പിന്നാലെ സർക്കാർ സ്വീകരിച്ച നിലപാട് വ്യത്യസ്തമാണ്. ഊരാളുങ്കൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നിലവാരമുള്ളതാണെന്ന വിലയിരുത്തലാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അടുത്തിടെ നിയമസഭയിൽ ഊരാളുങ്കലിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും മികച്ച നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണ് അവർ നടത്തുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷത്ത് ഉന്നയിച്ച ആരോപണങ്ങളും ഭരണത്തിലെത്തിയ ശേഷമുള്ള തീരുമാനങ്ങളും തമ്മിലുള്ള വൈരുധ്യമാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.











