10:59am 30 July 2026
NEWS
ശമ്പള-പെൻഷൻ പരിഷ്കരണം 10 വർഷത്തിലൊരിക്കൽ? കമ്മിഷൻ പുനഃസംഘടിപ്പിക്കാൻ സർക്കാർ നീക്കം
30/07/2026  09:49 AM IST
nila
ശമ്പള-പെൻഷൻ പരിഷ്കരണം 10 വർഷത്തിലൊരിക്കൽ? കമ്മിഷൻ പുനഃസംഘടിപ്പിക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള-പെൻഷൻ പരിഷ്കരണത്തിൽ നിർണായക മാറ്റത്തിന് സർക്കാർ ആലോചന തുടങ്ങി. നിലവിലെ അഞ്ചുവർഷ ഇടവേളയ്ക്ക് പകരം, ശമ്പള-പെൻഷൻ പരിഷ്കരണം 10 വർഷത്തിലൊരിക്കൽ നടപ്പാക്കുകയും അതിനിടയിൽ ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആർ) എന്നിവ കൃത്യമായി വിതരണം ചെയ്യുകയും ചെയ്യുന്ന മാതൃകയാണ് പരിഗണനയിലുള്ളത്.

ഇതിനായി മുൻ എൽഡിഎഫ് സർക്കാർ നിയമിച്ച വി.പി. ജോയ് അധ്യക്ഷനായ ശമ്പള പരിഷ്കരണ കമ്മിഷൻ പുനഃസംഘടിപ്പിക്കാനാണ് സർക്കാർ നീക്കം. കമ്മിഷനിലേക്ക് പുതിയ അംഗങ്ങളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിലെ രണ്ട് അംഗങ്ങളും മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായതിനാൽ അവരെ തുടരുന്നതിൽ സർക്കാരിന് താൽപര്യമില്ലെന്നാണ് സൂചന. അതേസമയം, കമ്മിഷൻ അധ്യക്ഷനെ മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.

ഒന്നാം പിണറായി സർക്കാരിന്റെ അവസാനഘട്ടത്തിലാണ് അവസാന ശമ്പളപരിഷ്കരണം നടപ്പാക്കിയത്. എന്നാൽ അതിലൂടെ ഉണ്ടായ അധിക സാമ്പത്തിക ബാധ്യതയെ തുടർന്ന് രണ്ടാം പിണറായി സർക്കാർ ജീവനക്കാരുടെ ഡിഎ വിതരണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതോടെ ഡിഎ കുടിശിക കുത്തനെ ഉയരുകയും ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുകയും ചെയ്തു.

തുടർന്ന്, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി കുടിശികയായിരുന്ന ഡിഎ അനുവദിച്ചിരുന്നു. ഇതിന്റെ മുൻകാല പ്രാബല്യത്തിലുള്ള കുടിശിക നിലവിലെ സർക്കാർ കാലയളവിൽ നൽകുമെന്ന് മുൻ സർക്കാർ ഉത്തരവിറക്കിയിരുന്നുവെങ്കിലും, ആ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തിൽ നിലവിലെ സർക്കാർ ഇതുവരെ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img