03:23am 13 November 2026
NEWS
ക്ഷേമരാഷ്ട്രത്തിന്റെ ഭാഗമായ സേവനങ്ങളിലൊന്നായി മാത്രം കാണണം; ഡേറ്റാ ചോർച്ച വിവാദത്തിൽ സർക്കാരിന് ആശ്വാസം
10/03/2026  11:27 AM IST
nila
 ക്ഷേമരാഷ്ട്രത്തിന്റെ ഭാഗമായ സേവനങ്ങളിലൊന്നായി മാത്രം കാണണം; ഡേറ്റാ ചോർച്ച വിവാദത്തിൽ സർക്കാരിന് ആശ്വാസം

തിരുവനന്തപുരം: ഡേറ്റാ ചോർച്ച ആരോപണവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. സംസ്ഥാന സർക്കാരിനെതിരെ രണ്ട് സർക്കാർ ജീവനക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാരോപിച്ചായിരുന്നു ജീവനക്കാർ കോടതിയെ സമീപിച്ചത്. എന്നാൽ, മുഖ്യമന്ത്രിയുടെ പേരിൽ ജീവനക്കാർക്ക് സന്ദേശം അയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. വ്യക്തിവിവരങ്ങൾ ചോർന്നതായി തെളിവുകളില്ലെന്നും കോടതി വ്യക്തമാക്കി.

സർക്കാർ ജീവനക്കാർക്ക് അയച്ച സന്ദേശങ്ങളിൽ രാഷ്ട്രീയപ്രചാരണ സ്വഭാവം കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഡി.എ വർധനവ്, ഡി.എ കുടിശിക തീർപ്പാക്കൽ, വീടുനിർമാണ അഡ്വാൻസ് തുടങ്ങിയ ആനുകൂല്യങ്ങളെക്കുറിച്ച് ജീവനക്കാരെ അറിയിക്കുന്നത് ക്ഷേമരാഷ്ട്രത്തിന്റെ ഭാഗമായ സേവനങ്ങളിലൊന്നായി മാത്രം കാണേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

ഐ.ടി മിഷന്റെ കൈവശമുള്ള വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കോ സ്വകാര്യ പി.ആർ ഏജൻസികളിലേക്കോ ചോർന്നുവെന്ന ഹർജിക്കാരുടെ ആരോപണവും കോടതി തള്ളിക്കളഞ്ഞു. ഐ.ടി മിഷന്റെ ഡാറ്റ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കുന്നതിൽ നിയമവിരുദ്ധതയില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.

സർക്കാരിന് ബൾക്ക് മെസ്സേജുകൾ അയക്കാനുള്ള സംവിധാനം ഇല്ലെന്ന ഹർജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. ഐ.ടി മിഷൻ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരായി സാങ്കേതിക വിശദീകരണം നൽകിയതോടെ ഈ വാദം കോടതി തള്ളി. കൂടാതെ, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പാണ് സന്ദേശങ്ങൾ അയച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

 അനുകൂല വിധിയോടെ വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്കു നന്ദി അറിയിച്ച് സന്ദേശങ്ങൾ അയക്കാനുള്ള സർക്കാർ നീക്കത്തിനും നിയമപരമായ തടസങ്ങളില്ലെന്ന് വ്യക്തമായി. എന്നാൽ ഐ.ടി മിഷന്റെ കൈവശമുള്ള വിവരങ്ങൾ ഉപയോഗിക്കുമ്പോൾ അവ ചോർന്നുപോകാതിരിക്കാനുള്ള മുൻകരുതലുകൾ സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img