11:10pm 02 November 2026
NEWS
വികസന വിസ്മയം തീർക്കാൻ കേരളസർക്കാരിന് കഴിയും - അപു ജോൺ ജോസഫ് (ഗവ.ചീഫ് വിപ്പ്)
14/09/2026  04:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വികസന വിസ്മയം തീർക്കാൻ  കേരളസർക്കാരിന് കഴിയും - അപു ജോൺ  ജോസഫ് (ഗവ.ചീഫ് വിപ്പ്)

കേരളരാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണോ? അതും ഗുണകരമായ പരിവർത്തനങ്ങൾ. 
അങ്ങനെ കരുതാൻ പല കാരണങ്ങളുണ്ട്. വ്യക്തമായ ദിശാബോധമുള്ള പ്രൊഫഷണലുകളുടെ രംഗപ്രവേശമാണ് അതിലൊന്ന്. കക്ഷിരാഷ്ട്രീയത്തിന്റെ ഇടുങ്ങിയ ചട്ടക്കൂട് വിട്ട് നാടിന്റെ സമഗ്രമായ വളർച്ച എന്തെന്നും എങ്ങനെയാകണമെന്നും കാഴ്ചപ്പാടുള്ളവരുടെ കടന്നുവരവാണ് അങ്ങനെയൊരു പ്രതീക്ഷയ്ക്ക് വക നൽകുന്നത്. റോഡ് നന്നാക്കുന്നതും പാലം പണിയുന്നതുംപോലുള്ള സാധാരണ ഭരണച്ചുമതലകൾ വലിയ വികസനപ്രവർത്തനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടാടുന്ന നാട്ടിൽ നാടിന്റെ യഥാർത്ഥ വളർച്ചയിലേക്കും വികസനത്തിലേയ്ക്കും വിരൽചൂണ്ടുന്ന ആശയങ്ങൾ കാണുമ്പോൾ അത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ലോകരാജ്യങ്ങളുടെ വികസനമാതൃകകൾ എന്താണെന്ന് നമ്മുടെ നാട്ടിൽ അത് എങ്ങനെ യാഥാർത്ഥ്യമാക്കാമെന്നും ചിന്തിക്കുന്ന ഒരു തലമുറയുടെ കടന്നുവരവാണ് ഈ പ്രതീക്ഷയുടെ ഹേതു. ആ തലമുറയുടെ പ്രതിനിധിയാണ് അപു ജോൺജോസഫ്. 

കേരളസർക്കാർ ചീഫ് വിപ്പായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം കേരളരാഷ്ട്രീയത്തിൽ സജീവമായിട്ട് ഒരു പതിറ്റാണ്ടുകാലമേ ആയിട്ടുള്ളൂ. വേണമെങ്കിൽ ചെറുപ്പം മുതൽ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനും അനായാസമായി സ്ഥാനമാനങ്ങൾ കരസ്ഥമാക്കാനും കഴിയുന്ന ജീവിതസാഹചര്യം അദ്ദേഹത്തിനുണ്ടായിരുന്നു. കാരണം കേരളരാഷ്ട്രീയത്തിലെ നിർണ്ണായകശക്തിയായ കേരളാകോൺഗ്രസ് (ജോസഫ് ഗ്രൂപ്പ്) നേതാവായ പി.ജെ.ജോസഫിന്റെ പുത്രനാണ് അപു ജോൺ ജോസഫ്. പത്തുതവണ എം.എൽ.എയും നിരവധി തവണ മന്ത്രിയുമായിരുന്ന പി.ജെ.ജോസഫിന്റെ മകന് രാഷ്ട്രീയത്തിലും ഭരണരംഗത്തും എന്തുസ്ഥാനം ലഭിക്കാനും സാധ്യതയുണ്ടായിരുന്നു. പക്ഷേ അദ്ദേഹം ചെറുപ്പത്തിൽ രാഷ്ട്രീയമല്ല പ്രവർത്തനരംഗമായി തെരഞ്ഞെടുത്തത്. പിതാവ് പി.ജെ. ജോസഫിനും താൻ രാഷ്ട്രീയത്തിൽ എത്തുന്നതിൽ ആദ്യകാലത്ത് താൽപ്പര്യമില്ലായിരുന്നുവെന്ന് അപു ജോൺജോസഫ് പറയുന്നു. 

പക്ഷേ നിയതിയുടെ നിയോഗമെന്നോ ചരിത്രത്തിന്റെ അനിവാര്യതയെന്നോ വിശേഷിപ്പിക്കാവുന്ന രീതിയിൽ  പത്തുവർഷം മുമ്പ് സജീവരാഷ്ട്രീയത്തിൽ എത്തി. പല സ്ഥാനമാനങ്ങൾ വഹിച്ചെങ്കിലും കഴിഞ്ഞ ഒരുവർഷക്കാലം കേരളാകോൺഗ്രസ് (ജെ) പാർട്ടിയുടെ സംസ്ഥാന കോ-ഓർഡിനേറ്ററാണ്. അതിന്റെ പ്രയോജനം കഴിഞ്ഞ ഇലക്ഷനിൽ കാണുകയും ചെയ്തു. നിർത്തിയ സ്ഥാനാർത്ഥികളിൽ ഒരാൾ ഒഴികെ എല്ലാവരും ജയിച്ചു. സിപിഎം കോട്ടയായ ഉത്തരകേരളത്തിലെ ഒരു സീറ്റ് നഷ്ടപ്പെട്ടതൊഴിച്ചാൽ വൻ മുന്നേറ്റമാണ് അപു ജോൺജോസഫിന്റെ നേതൃത്വത്തിൽ പാർട്ടിക്കുണ്ടായത്. സജീവരാഷ്ട്രീയത്തിലേക്കെത്തുന്നതിന് മുമ്പ് ഐടി പ്രൊഫഷണലായി വിദേശരാജ്യങ്ങൾ ഉൾപ്പെടെ ദീർഘകാലം ജോലി ചെയ്തിരുന്നു. അതിന്റെ അറിവും അനുഭവസമ്പത്തും കൈമുതലായുള്ള അപു ജോൺജോസഫ് ഒട്ടേറെ നവീന ആശയങ്ങളുടെ കലവറയാണെന്നുപറയാം. തന്റെ കാഴ്ചപ്പാടുകളെയും നാടിന്റെ വികസനത്തെയും മുൻനിർത്തി 'കേരളശബ്ദം' എറണാകുളം ബ്യൂറോ ചീഫ് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.

? രണ്ടുപതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം വീണ്ടും യുഡിഎഫ് അധികാരത്തിൽ വന്നിരിക്കുകയാണല്ലോ. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ പുതിയ ഗവൺമെന്റിന് കഴിയുന്നുണ്ടോ.

നോക്കൂ, രണ്ടുമാസം മാത്രം പ്രായമുള്ള ഗവൺമെന്റാണിത്. ഒരു വിലയിരുത്തലിനുള്ള സമയം ആയിട്ടില്ല. പക്ഷേ കേരളത്തിലെ മുൻകാല സർക്കാർ ചെയ്യാത്ത രീതിയിലുള്ള പ്രവർത്തനങ്ങളാണ് തുടക്കം മുതൽ നടത്തുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ആശാവർക്കർമാർക്ക് വേതനം വർദ്ധിപ്പിച്ചു. പ്രിയദർശിനി യാത്ര ഇതൊക്കെ ഓർക്കുക.  മുഖ്യമന്ത്രി ആറുമാസം കാലാവധി ചോദിച്ചിരിക്കുന്നത് കണ്ടില്ലേ. അതിനിടയിൽക്രിയാത്മകമായി പലതും ചെയ്യാൻ കഴിയും എന്നുള്ളതുകൊണ്ടാണ്. ഭരണപരമായി പല പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഒരു പഞ്ചായത്ത് സെക്രട്ടറി തീരുമാനിച്ചാൽ പോലും ആയിരംകോടിരൂപയുടെ ഒരു പദ്ധതി അഞ്ചോ എട്ടോ മാസം വൈകിപ്പിക്കാം എന്ന അവസ്ഥയാണ് ഇവിടെയുള്ളത് എന്നും അത് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതൊക്കെ വലിയ പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ്. തമിഴ്‌നാട്ടിലൊക്കെ കാര്യങ്ങൾ വളരെ വേഗത്തിലാക്കിക്കഴിഞ്ഞു. അവർ എല്ലാ സൗകര്യങ്ങളും കൊടുത്ത് വ്യവസായികളെ ക്ഷണിക്കുകയാണ്. നമുക്ക് ഇവിടെയും അങ്ങനെയൊരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കണം. മറ്റൊന്ന് നമ്മുടെ യുവജനങ്ങളെ നമ്മുടെ നാട്ടിൽ നിലനിർത്തുക എന്നതാണ്. അതിന് ആദ്യം വേണ്ടത് തൊഴിൽ ഉല്പാദകമേഖലകൾ ശക്തിപ്പെടുത്തണം. അതിന്റെ തുടക്കമെന്ന നിലയിലാണ് ഇന്ദിരാഗാരന്റി നടപ്പിലാക്കുന്നത്. അതായത് തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് സ്വയം തൊഴിൽ തുടങ്ങാനായി അഞ്ചുലക്ഷം രൂപാവരെ വായ്പ നൽകുന്നു. ടൂറിസം വികസനം നമ്മുടെ പ്രധാന ലക്ഷ്യമാണ്. ഒരുപാട് സാധ്യതകളുള്ള മേഖലയാണത്. ചെറിയ രീതിയിൽ ഒരു ഹോംസ്റ്റേ തുടങ്ങിയാൽപ്പോലും അത് വലിയ വരുമാനമാർഗ്ഗമാകും.

? യുവജനങ്ങളുടെ പുറത്തേക്കുള്ള ഒഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണോ ടൂറിസം തൊഴിൽമേഖലയാക്കി ശക്തിപ്പെടുത്തുന്നത്.

അതെ. ടൂറിസം മാത്രമല്ല മറ്റു പല രീതിയിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വളരെ വ്യാപകമാണ് യുവജനങ്ങളുടെ ഈ നാടുവിട്ട് പോക്ക്. എന്റെ നാട്ടിൽ ഒരു ചെറിയപ്രദേശത്തുമാത്രം 250ലേറെ കുട്ടികളാണ് തൊഴിൽതേടി വിദേശത്തേക്ക് പോയിരിക്കുന്നത്. നമ്മുടെ നാട്ടിലെ മാൻപവ്വർ ഇവിടെ നിലനിർത്തേണ്ടതുണ്ട്. മാത്രമല്ല, യു.കെയിലൊക്കെ തൊഴിൽ അവസരം കുറയുകയാണ്. നിയമങ്ങളും മാറുന്നു. പോയതിൽ പകുതികുട്ടികളും തിരിച്ചുപോരേണ്ടിവരും. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് പുതിയ തൊഴിലവസരം സൃഷ്ടിക്കേണ്ടതിന്റെ അനിവാര്യത ബോധ്യമാകുന്നത്.

സ്വകാര്യമേഖലയിൽ ഒരുപാട് തൊഴിൽസാധ്യതകൾ ഉണ്ട്. അത് കണ്ടെത്തുക എന്നതാണ് പ്രധാനം. ഉദാഹരണം പറഞ്ഞാൽ സിനിമാമേഖല. വളരെയേറെ തൊഴിൽസാധ്യത സിനിമാരംഗവുമായി ബന്ധപ്പെട്ട് ഉണ്ടാക്കാൻ കഴിയും. എന്റെ നാട്ടിൽ തന്നെ നൂറുകണക്കിന് സിനിമകളുടെ ഷൂട്ടിംഗ് നടന്നിട്ടുണ്ട്. പഴയകാലത്തും പുതിയ കാലഘട്ടത്തിലും അതുണ്ട്. സിനിമാപ്രവർത്തകർ ഗ്രാമീണ പശ്ചാത്തലവും സൗന്ദര്യവും തേടിവരുന്നതാകാം. കാരണം, ഇക്കഴിഞ്ഞ കാലത്തുതന്നെ ദൃശ്യം ഒന്നുമുതൽ മുന്നുവരെയുള്ള ചിത്രങ്ങൾ ഷൂട്ട് ചെയ്തത് ഞങ്ങളുടെ ഗ്രാമത്തിലാണ്. പുറപ്പുഴ പഞ്ചായത്തിലെ കൊടികുത്തി എന്ന സ്ഥലത്ത്. പിന്നെ മോഹൻലാൽ നായകനായ രസതന്ത്രം എന്നിങ്ങനെ ഒരുപാട് സിനിമകൾ. ഈ സാധ്യതയും പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

? സിനിമയുമായി ബന്ധപ്പെട്ട് ഏതുരീതിയിൽ തൊഴിൽ അവസരം സൃഷ്ടിക്കാമെന്നാണ് കരുതുന്നത്.

തൊടുപുഴയിൽ ഒരു ഫിലിം സിറ്റിയാണ് ലക്ഷ്യമാക്കുന്നത്. ഇപ്പോൾ ഇവിടെ ചിത്രങ്ങൾ ഷൂട്ട് ചെയ്യുന്നുണ്ടെങ്കിലും ഷൂട്ട് കഴിഞ്ഞ് പോസ്റ്റ്‌പ്രൊഡക്ഷൻ ജോലികൾക്കായി കൊച്ചിയിലോ ചെന്നൈയിലോ പോകേണ്ടിവരുന്നു. ആ സ്ഥിതിമാറി ഒരു സിനിമയുടെ എല്ലാ ജോലികളും ഇവിടെ തീർക്കാൻ കഴിഞ്ഞാൽ ധാരാളം സിനിമാക്കാർ ഇങ്ങോട്ടുവരും.  ഒരു പതിനായിരം തൊഴിൽ അവസരങ്ങളെങ്കിലും ഇതുമൂലം സൃഷ്ടിക്കാൻ കഴിയും.

? രാമോജിറാവു ഫിലിം സിറ്റി പോലെയുള്ള  ഒരു വലിയ ഫിലിം സിറ്റിയാണോ ലക്ഷ്യമാക്കുന്നത്.

അതെ. രാമോജിറാവു ഫിലിം സിറ്റിയിൽ ഞാൻ പോയിരുന്നു. വേണ്ടത്ര മെയിന്റനൻസ് ഇല്ലാത്തതുകൊണ്ട് അത് ക്ഷയിക്കുകയാണ്. ഇവിടെ മികച്ച സൗകര്യങ്ങളുള്ള ഫിലിം സിറ്റി വന്നാൽ മലയാള ചിത്രങ്ങൾ മാത്രമല്ല തമിഴ്, തെലുങ്ക് ചിത്രങ്ങളൊക്കെ ഇങ്ങോട്ടുവരും. തെന്നിന്ത്യൻ ഫിലിം ഹബ്ബ് എന്ന നിലയിൽ കേരളം മാറും. ധാരാളം ഇൻഡോർ ഷൂട്ടിംഗ് ഫ്‌ളോറുകളും ഡബ്ബിംഗ്, എഡിറ്റിംഗ് തുടങ്ങിയ അനുബന്ധ സംവിധാനങ്ങളുമെല്ലാമുള്ള സമ്പൂർണ്ണ ഫിലിം സിറ്റിയാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടലുകളും മറ്റും ഉണ്ടാകും. കേരളത്തിന്റെ തന്നെ മുഖച്ഛായ മാറുന്ന ഒരു പദ്ധതിയാണ് ഈ ഫിലിം സിറ്റി.

മറ്റൊരു പ്രധാനകാര്യം മുഖ്യമന്ത്രി പറഞ്ഞത് ശ്രദ്ധിച്ചില്ലേ? ലോകനിലവാരത്തിലുള്ള യൂണിവേഴ്‌സിറ്റികളുടെ ഓഫ് കാമ്പസ്സ് കേരളത്തിൽ കൊണ്ടുവരുമെന്ന്. നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം അതൊരു വിപ്ലവകരമായ പരിവർത്തനമായിരിക്കും. ഇപ്പോൾ ലോകനിലവാരത്തിലുള്ള ഉയർന്ന വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളെയാണ് കുട്ടികൾ ആശ്രയിക്കുന്നത്. അതിന് അമ്പതും അറുപതും ലക്ഷം രൂപയൊക്കെയാണ് ചെലവ്. അതേ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഇവിടെ കൊടുക്കാൻ കഴിഞ്ഞാൽ പത്തോ പതിനഞ്ചോ ലക്ഷം രൂപാ കൊണ്ട് സാധിക്കാം. കൂടുതൽ കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തേക്കുവരാൻ സാധിക്കുകയും ചെയ്യും.

? വിദ്യാഭ്യാസ മേഖലയിൽ ശരിക്കും മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചില്ലേ. കുറച്ചുകെട്ടിടങ്ങൾ ഉണ്ടായതല്ലാതെ അടിസ്ഥാനപരമായ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലല്ലോ.

അതെ. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണത്. വിവിധ മേഖലകൾ ക്രോഡീകരിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പരിഷ്‌ക്കരണമാണ് ഉണ്ടാകേണ്ടത്. ഇക്കാര്യത്തിലും വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ട്. എന്റെ നിയോജകമണ്ഡലത്തിൽ അത് നടപ്പിലാക്കാൻ തുടങ്ങുകയാണ്. കുറച്ചുദിവസങ്ങൾക്കുമുമ്പ് നിയമസഭയിൽ രമേശ് പിഷാരടി പ്രസംഗിച്ചപ്പോൾ പ്രതിദിനം ശരാശരി അറുപത് എഴുപത് നിവേദനങ്ങളെങ്കിലും ലഭിക്കുന്നുണ്ട് എന്നു പറയുകയുണ്ടായി. അതിനുശേഷം പ്രസംഗിച്ചത് ഞാനായിരുന്നു. പിഷാരടി പറഞ്ഞത് അംഗീകരിച്ചുകൊണ്ടുതന്നെ മറ്റൊരുകാര്യം ഞാൻ ചൂണ്ടിക്കാട്ടി. ഇങ്ങനെ ലഭിക്കുന്ന നിവേദനങ്ങളിൽ ഭൂരിഭാഗവും പി.എസ്.സിയുമായി  ബന്ധപ്പെട്ടതായിരിക്കും. അതായത് ഉദ്യോഗാർത്ഥികളുടെ നിവേദനമായിരിക്കും. താഴെത്തട്ടുമുതൽ നിയമനം നടത്തേണ്ടതുണ്ട്. ഒന്നുകൂടി വ്യക്തമായിപറഞ്ഞാൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം മുതലാണ് പരിഷ്‌കരണങ്ങൾ നടക്കേണ്ടത്. കാരണം കുട്ടികളുടെ സ്വഭാവ രൂപീകരണം നടക്കുന്നത് ആ പ്രായത്തിലാണ്. പക്ഷേ അവിടെ കുട്ടികളില്ല. സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികൾ എത്തുന്നില്ല. അതുകൊണ്ടുതന്നെ പുതിയ നിയമനവും നടക്കുന്നില്ല. നമ്മുടെ പ്രീ-പ്രൈമറി വിദ്യാഭ്യാസം പരിപോഷിപ്പിക്കുക എന്നതാണ് പ്രധാനം.

വിദേശരാജ്യങ്ങളിലെ കുട്ടികളുടെ കാര്യം ഉദാഹരണമായി എടുക്കാം. അവർ പ്രീ-പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് സ്‌കൂളിലെത്തുമ്പോൾ എഴുതാനും വായിക്കാനും ഒന്നും അറിയില്ലായിരിക്കും. പക്ഷേ അവർക്ക് മറ്റുപലതും അറിയാം. ഒറ്റയ്ക്ക് റോഡ് മുറിച്ചുകടക്കാൻ അറിയാം, നീന്താനറിയാം, വേസ്റ്റ് എവിടെ നിക്ഷേപിക്കണമെന്നറിയാം എന്നിങ്ങനെ ദൈനംദിനം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം അറിയാം. ലൈഫ് സ്‌കിൽ കൂടിയിരിക്കും. പക്ഷെ നമ്മുടെ നാട്ടിലെകാര്യമോ? പുസ്തകത്തിൽ അച്ചടിച്ചുവച്ചിരിക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുമെന്നല്ലാതെ പ്രായോഗിക ജീവിതത്തിലുള്ള അറിവ് വട്ടപ്പൂജ്യമായിരിക്കും. ഇത് ആ കുട്ടിയുടെ വ്യക്തിത്വത്തെ തന്നെ സാരമായി ബാധിക്കുകയും ചെയ്യും. ഞങ്ങൾ തൊടുപുഴയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ-പ്രൈമറി വിദ്യാഭ്യാസരീതി നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ശ്രമിച്ചാൽ നടക്കും എന്നുള്ളത് തീർച്ചയാണ്. 

എനിക്ക് ഇതിന് പ്രചോദനമായത് ഞങ്ങളുടെ നാടിന് അടുത്തുതന്നെയുള്ള വെങ്ങാലൂർ എന്ന സ്ഥലത്തെ ഒരു സ്‌കൂളാണ്. എട്ടുവർഷങ്ങൾക്കുമുമ്പ് ആ സ്‌കൂളിലെ കുട്ടികളുടെ എണ്ണം 35-ആയിരുന്നു. ഇപ്പോൾ അവിടെ 350 കുട്ടികൾ പഠിക്കുന്നു. ആ സ്‌കൂളിലെ അധ്യാപകരും ഹെഡ്മാസ്റ്ററും രക്ഷാകർത്താക്കളും ഒരുമിച്ച് പ്രവർത്തിച്ചതിന്റെ നേട്ടമാണത്. നമ്മുടെ പ്രീ-പ്രൈമറി വിദ്യാഭാസം മുതൽ ഉടച്ചുവാർത്തെങ്കിൽ മാത്രമേ ഉയർന്ന നിലവാരമുള്ള കുട്ടികളെ നമുക്ക് സൃഷ്ടിക്കാൻ കഴിയൂ. അതിന് പ്രീ-പ്രൈമറി തലം മുതൽ സമഗ്രമായ മാറ്റം വരണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളുകൾ വേണം. നല്ല അധ്യാപകർ വേണം. അവർക്ക് മികച്ച ശമ്പളം കൊടുക്കണം. ഇപ്പോഴും ഈ മേഖലയിലെ വേതനവ്യവസ്ഥ ദയനീയമാണ്. നമ്മുടെ നാട്ടിൽ സാധാരണ പണിക്കുവരുന്ന ഒരു അതിഥി തൊഴിലാളിക്ക് മുപ്പതിനായിരവും അതിൽക്കൂടുതലും വേതനം ലഭിക്കുമ്പോൾ സ്വകാര്യമേഖലയിലെ ടീച്ചർമാർക്ക് കിട്ടുന്നത് അയ്യായിരം രൂപയൊക്കെയാണ്. ഒരുതലമുറയെ വാർത്തെടുക്കുക എന്ന മഹനീയവും ഉത്തരവാദിത്തപൂർണ്ണവുമായ ജോലി ചെയ്യുന്നവർക്ക് ഏറ്റവും മികച്ച വേതനത്തിന് അർഹതയില്ലേ? 

? ആശയം വളരെ നല്ലതാണ്. നടപ്പിലാക്കേണ്ടതും അനിവാര്യമാണ്. നാടിന്റെ സമഗ്രവികസനത്തിന്റെ ആദ്യപടിയാവുകയും ചെയ്യും അത്. പക്ഷേ അന്താരാഷ്ട്ര തലത്തിലുള്ള നവീകരണം എന്നുപറയുമ്പോൾ അത് വലിയ സാമ്പത്തിക  ബാധ്യത ഉണ്ടാക്കിവയ്ക്കില്ലേ. അത്രയും പണം ചെലവഴിക്കാൻ സർക്കാരിന് ആകുമോ.

തൊടുപുഴയിലെ എന്റെ മണ്ഡലത്തിൽ ഞങ്ങൾ പ്ലാൻ ചെയ്യുന്ന വിദ്യാഭ്യാസ വികസനപദ്ധതികൾക്ക് സർക്കാർ സഹായം വാങ്ങുന്നില്ല. സർക്കാർ ഫണ്ട് പ്രതീക്ഷിച്ചല്ല ചെയ്യുന്നത്. ഇവിടെ സി.എസ്.ആർ. ഫണ്ടുള്ള നിരവധി കമ്പനികളുണ്ട്. കോടിക്കണക്കിന് രൂപ അങ്ങനെ ലഭ്യമാക്കാം. മറ്റൊന്ന് വിദേശമലയാളികളാണ്. അവരുടെയും കൂടി സഹകരണത്തോടെയാണ് ഇത് ചെയ്യുന്നത്. ഞാൻ നിരവധി വിദേശമലയാളികളുമായി ഇതേക്കുറിച്ച് സംസാരിച്ചു. അവർക്കെല്ലാം ഈ വികസനത്തിൽ പങ്കാളിയാകുന്നതിൽ സന്തോഷമേയുള്ളൂ. അമേരിക്കയിലും ജപ്പാനിലും യു.കെയിലുമൊക്കെയുള്ള വിദേശമലയാളികൾക്ക് തങ്ങൾ പഠിച്ച വിദ്യാഭ്യാസ സ്ഥാപനം നശിച്ചുപോകരുതെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ ഫണ്ട് ഇതിന് തടസ്സമായി വരില്ല. മൊത്തത്തിൽപ്പറഞ്ഞാൽ മൂല്യവർദ്ധിത വിദ്യാഭ്യാസം എന്ന് വിശേഷിപ്പിക്കാം.

? ഇത് കേരളം മൊത്തം നടപ്പിലാക്കാവുന്നതല്ലേ. അഥവാ നടപ്പിലാക്കേണ്ടതല്ലേ? എങ്കിലല്ലേ എല്ലാവർക്കും പ്രയോജനം ലഭിക്കുകയുള്ളൂ.

ആക്കാവുന്നതാണ്. ഞാനിത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. തൽക്കാലം ഒരു പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ തൊടുപുഴയിൽ ആണ് നടപ്പിലാക്കുന്നത്. കുട്ടികൾ കൂടുതൽ വരുമ്പോൾ ഡിവിഷൻ കൂടും. ഡിവിഷൻ കൂടുമ്പോൾ അധ്യാപകരുടെ എണ്ണം കൂട്ടേണ്ടിവരും. ഇങ്ങനെയാണ് തൊഴിൽ അവസരങ്ങൾ വർദ്ധിക്കുന്നത്.

? തുടക്കത്തിൽ എത്ര സ്‌കൂളുകളിലാണ് ഇങ്ങനെ മാറ്റം വരുത്താൻ തുടങ്ങുന്നത്.

പന്ത്രണ്ട് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമാണ് തൊടുപുഴ മണ്ഡലത്തിലുള്ളത്. ആരംഭം എന്ന നിലയിൽ ഒരു പഞ്ചായത്തിലെ ഒരു സ്‌കൂൾ ആണ് നമ്മൾ ഏറ്റെടുക്കുന്നത്. മുൻസിപ്പാലിറ്റിയിൽ ഒന്നും. ഇങ്ങനെ പതിമൂന്നു സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

? ഏതാണ്ട് പത്തുവർഷക്കാലമായി സജീവരാഷ്ട്രീയത്തിലുണ്ടല്ലോ. കേരളാകോൺഗ്രസ് പോലെയുള്ള ഒരു പ്രാദേശിക പാർട്ടി കേരളത്തിന് ആവശ്യമുണ്ടോ.

തീർച്ചയായും കേരളാകോൺഗ്രസ് അനിവാര്യമാണെന്ന് പറയാൻ പല കാരണങ്ങളുമുണ്ട്. വലിയ ചരിത്രവും പാരമ്പര്യവുമുള്ള രാഷ്ട്രീയപ്രസ്ഥാനമാണ് കേരളാകോൺഗ്രസ്. ഒരുകാലത്ത് മുസ്ലീം ലീഗിനെക്കാൾ വലിയ പാർട്ടിയായിരുന്നു. പിളരുംതോറും വളരുന്ന പാർട്ടി എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും ഫലത്തിൽ പാർട്ടി തളരുക തന്നെയായിരുന്നു. എന്നുകരുതി കേരളാകോൺഗ്രസ്സിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല.
ഒരു കാലത്ത് കുട്ടികൾ പഠിക്കാനായി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. സ്വാശ്രയ കോളേജുകൾ വന്നതോടെ ആ ഒഴുക്ക് നിന്നില്ലേ. അപ്പച്ചൻ (പി.ജെ. ജോസഫ്) വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴല്ലേ അത് സാധിച്ചത്. അത് കേരളാകോൺഗ്രസ്സിന്റെ വിജയമല്ലേ. 

മറ്റൊന്ന് അപ്പച്ചൻ 1990കളിൽ ഭാവിയിൽ കേരളം അഭിമുഖീകരിക്കാൻ പോകുന്ന വലിയ പ്രതിസന്ധി മാലിന്യപ്രശ്‌നമാണെന്ന് കണ്ട് കേരളത്തിൽ എല്ലാ ജില്ലകളിലും സഞ്ചരിച്ച് ബോധവൽക്കരണ പരിപാടികൾ നടത്തിയിരുന്നു. മാലിന്യമില്ലാത്ത മലയാളനാട് എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രവർത്തനങ്ങൾ. പക്ഷേ അന്ന് അത് വേണ്ടത്ര ഗൗരവത്തോടെ ആരും പരിഗണിച്ചില്ല. പക്ഷേ ഇന്നത്തെ അവസ്ഥയോ? പിന്നീട് മാലിന്യമുക്ത കേരളം എന്ന വലിയ കാമ്പയിൻ സംഘടിപ്പിച്ചതൊക്കെ അതിന്റെ ചുവടുപിടിച്ചല്ലേ? മൂന്നുപതിറ്റാണ്ടു മുമ്പുതന്നെ ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കാൻ കേരളാകോൺഗ്രസ്സിന് കഴിഞ്ഞിരുന്നു എന്നല്ലേ അപ്പച്ചന്റെ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ നിരവധി കാര്യങ്ങളുണ്ട്. 

വളരെ പ്രസക്തമായ മറ്റൊരുകാര്യം കൂടി പറയാം. പ്രാദേശികപാർട്ടികൾ തീർച്ചയായും അനിവാര്യമാണ്. ഇന്ത്യൻ ജനാധിപത്യസംവിധാനത്തിൽ ദേശീയ കക്ഷികളെക്കാൾ പ്രാദേശിക വികസനത്തിനായി പ്രവർത്തിക്കാൻ കഴിയുന്നത് പ്രാദേശിക പാർട്ടികൾക്കാണ്. ഇത് കേരളത്തിന്റെ മാത്രം അവസ്ഥയല്ല. തമിഴ്‌നാടിനെ നോക്കൂ-ആന്ധ്രായുടെ അവസ്ഥ എന്തായിരുന്നു? തെലുങ്കുദേശം അധികാരത്തിൽ എത്തിയശേഷം വന്ന മാറ്റങ്ങൾ കണ്ടില്ലെന്നുനടിക്കാൻ കഴിയുമോ? അതുകൊണ്ടാണ് ഞാൻ പറഞ്ഞത് കേരളാകോൺഗ്രസ്സുപോലുള്ള പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നമ്മുടെ നാടിന്റെ വികസനത്തിന് അനിവാര്യമാണ് എന്ന്.

? 1980 കളിൽ കേരളാകോൺഗ്രസ് വളരെ ശക്തമായിരുന്നു. ആ ഒരു സാഹചര്യത്തിലേക്കുള്ള തിരിച്ചുവരവ് ഇനിയും ഉണ്ടാകുമോ.

ഉണ്ടാക്കാവുന്നതാണ്. 1980കളിൽ ജോസഫ് ഗ്രൂപ്പിന് 8 എം.എൽ.എമാരും മാണി ഗ്രൂപ്പിന് 6 എം.എൽമാരും ഉണ്ടായിരുന്നു. മൊത്തം 14 എം.എൽമാർ. നാലുമന്ത്രിമാരും ഉണ്ടായിരുന്നു. അത്രയും ശക്തമായ ഒരു കാലഘട്ടത്തിൽ നിന്നാണ് ഇന്നത്തെ സാഹചര്യത്തിൽ എത്തിയത്. പാർട്ടിയിൽ പിളർപ്പ് ഒഴിവാക്കിയിരുന്നെങ്കിൽ ഇന്നും കേരളാകോൺഗ്രസ് ശക്തമായി തന്നെ നിലനിൽക്കുമായിരുന്നു. അതായത് പി.ജെ.ജോസഫ്, സി.എഫ് തോമസ് ഒക്കെ സജീവമായുണ്ടായിരുന്ന കാലത്തെ പിളർപ്പാണ് ഞാനുദ്ദേശിച്ചത്. സി.എഫ് തോമസ്സിനെ പാർട്ടി ചെയർമാനാക്കിക്കൊണ്ട് മുമ്പോട്ടുപോകാൻ കഴിയുമായിരുന്നു. ചിലരുടെ പിടിവാശി അതിന് തടസ്സമായി.

? ഈ രീതിയിൽ ഭിന്നിച്ച് മുന്നോട്ടുപോയാൽ അനതിവിദൂരഭാവിയിൽ കേരളാകോൺഗ്രസ് എന്നൊരു പാർട്ടിതന്നെ അപ്രസക്തമാകില്ലേ.

ഒരിക്കലുമില്ല. കാരണം നേതൃത്വപരമായി എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും കേരളാകോൺഗ്രസ് എന്നൊരുവികാരം മനസ്സിൽ സൂക്ഷിക്കുന്ന ഒരു വലിയ വിഭാഗം ആളുകൾ ഇന്നുമുണ്ട്. ഒരുപക്ഷേ പാർട്ടി സമ്മേളനത്തിനോ, കൊടിപിടിക്കാനോ അവർ വന്നില്ലെന്ന് വരാം. പക്ഷേ വോട്ടുചെയ്യും. അതാണ് കേരളാകോൺഗ്രസ്സിന്റെ ശക്തി. പ്രത്യേകിച്ചും മധ്യതിരുവിതാംകൂറിലൊക്കെ ശക്തമായ വേരോട്ടമുള്ള പാർട്ടി തന്നെയാണ് കേരളാകോൺഗ്രസ്. അതുകൊണ്ടുതന്നെ കേരളാകോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല. കർഷകരും കർഷകത്തൊഴിലാളികളും അടങ്ങുന്ന വലിയൊരു ജനതകേരളാകോൺഗ്രസ്സിന്റെ പിന്നിൽ ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളം ഉള്ളിടത്തോളം കാലം കേരളാകോൺഗ്രസ്സും ഉണ്ടായിരിക്കും. സംശയമില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img