
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ ഉത്തരവ് പുറത്തിറങ്ങുന്നതോടെ ബാറുകൾക്ക് രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാനാകും. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം.
ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് മാത്രം രാത്രി 12 വരെ തുറന്നുവെക്കാൻ അനുമതിയുണ്ടെങ്കിലും, മറ്റു പ്രദേശങ്ങളിലെ ബാറുകൾക്ക് ഇത് ബാധകമല്ലായിരുന്നു. ഇതിനെതിരെ ബാറുടമകൾ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ ബാറുകളുടെയും പ്രവർത്തന സമയം ഒരുപോലെ നീട്ടാനുള്ള നീക്കം സർക്കാർ ആരംഭിച്ചിരിക്കുന്നത്.
അതേസമയം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് പുലർച്ചെ 3 മണിവരെ പ്രവർത്തിക്കാനുള്ള അനുമതിയും പരിഗണനയിലുണ്ടെന്നാണ് സൂചന. ബിസിനസ് ടൂറിസത്തിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക ചർച്ചകൾ, മേളകൾ, സമ്മേളനങ്ങൾ, കൂടിച്ചേരലുകൾ തുടങ്ങിയവയുടെ ഭാഗമായി പുലർച്ചെ മൂന്നുവരെ മദ്യം വിളമ്പാൻ അനുമതി നൽകും. ഇതിന് പ്രത്യേകം ഫീസ് ഈടാക്കും.
2025 ജനുവരി 31 ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 847 ബാർ ലൈസൻസുകളാണ് നിലവിലുള്ളത്. ഇതിന് പുറമെ 289 ബവ്കോ ഔട്ട്‌ലെറ്റുകളും പ്രവർത്തിക്കുന്നുണ്ട്.











