
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 2,200 രൂപ കുറഞ്ഞതോടെ വില 1,12,000 രൂപയായി. ഗ്രാമിന് 275 രൂപ കുറഞ്ഞ് 14,000 രൂപയിലേക്കും നിരക്ക് താഴ്ന്നു. അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ ഇടിവ് തുടരുകയാണ്. ഔൺസിന് 148.66 ഡോളർ കുറഞ്ഞ് 4,238.6 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ ഈ പ്രവണതയുടെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണമായത്.
ഇന്നത്തെ നിരക്കുപ്രകാരം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15,273 രൂപയും പവന് 1,22,184 രൂപയുമാണ് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,455 രൂപയും പവന് 91,640 രൂപയുമാണ് നിരക്ക്. അതേസമയം, വെള്ളിവില ഗ്രാമിന് 270 രൂപയും കിലോഗ്രാമിന് 2.70 ലക്ഷം രൂപയുമായി തുടരുന്നു.
ക്രൂഡോയിൽ വിലവർധന, പണപ്പെരുപ്പ സാധ്യത, പലിശനിരക്കുകളിലെ മാറ്റങ്ങൾ, ഡോളറിന്റെ ശക്തിവർധനം തുടങ്ങിയ ഘടകങ്ങൾ സ്വർണത്തിന്റെ നിക്ഷേപ-ആഭരണ ആവശ്യകതയെ സ്വാധീനിക്കുന്നതിനാൽ വിലയിൽ ചാഞ്ചാട്ടം തുടരാനിടയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.










