
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. 22 കാരറ്റ് സ്വർണത്തിന് ഇന്ന് പവന് 1,840 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 1,08,600 രൂപയായി. ഗ്രാമിന് 251 രൂപ കൂടി 13,575 രൂപയാണ് നിലവിലെ വിപണി നിരക്ക്. 18 കാരറ്റ് സ്വർണത്തിനും വർധനവ് രേഖപ്പെടുത്തി; ഗ്രാമിന് 11,107 രൂപയും പവന് 88,856 രൂപയുമാണ് വില. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം രണ്ട് ഘട്ടങ്ങളിലായി 760 രൂപയുടെ വർധനവുണ്ടായതും ശ്രദ്ധേയമാണ്.
വെള്ളിയുടെ വിലയും ഉയർന്നു. ഇന്ന് ഗ്രാമിന് 245 രൂപയും പത്ത് ഗ്രാമിന് 2,450 രൂപയുമാണ് വിപണിവില.
ഇതിനിടെ, ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ വലിയ ഇടിവിലേക്കാണ് നീങ്ങുന്നത്. ഒരു ഡോളറിന് 94.86 രൂപ വരെ താഴ്ന്നു. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ ഡോളറിനുള്ള ആവശ്യകത വർധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഡോളർ സൂചിക 100.19 എന്ന നിലയിലേക്ക് ഉയർന്നതും രൂപയുടെ മൂല്യം കുറയാൻ കാരണമായി.











