
വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച നിയാ ഫൈസലിന്റെ മൃതദേഹം വീട്ടിലെത്തിക്കില്ല. കൊല്ലം കുന്നിക്കോട് സ്വദേശിനി നിയ ഫൈസലിന്റെ മൃതദേഹം പൊതുദർശനത്തിനും വെക്കാതെ പള്ളിയിലെത്തിച്ച് കബറടക്കും. ആലഞ്ചേരി മുസ്‌ലിം ജമാഅത്ത് പള്ളിയിലാണ് നിയയുടെ കബറടക്കം. നിയയുടെ മാതാവ് ഹബീറയ്ക്ക് ക്വാറന്റീൻ നിർദേശം നൽകിയിട്ടുണ്ട്.
ഏപ്രിൽ എട്ടിനാണ് നിയയ്ക്ക് നായയുടെ കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ച് വാക്സീൻ എടുത്ത കുട്ടിക്ക് തുടർന്നു രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകളും എടുത്തിരുന്നു. 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വരികയായിരുന്നു. ഞരമ്പിൽ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് കുട്ടിയുടെ മാതാവ് ഹബീറ മാധ്യമങ്ങളോട് പറഞ്ഞു.











