
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴ ജനജീവിതത്തെ കാര്യമായി ബാധിച്ചു. നദികൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും വ്യാപക മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലാണ് മഴയുടെ ആഘാതം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്. പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നതോടെ ചെങ്ങന്നൂർ, ആറന്മുള, റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ വെള്ളപ്പൊക്ക ഭീഷണിയില്ലാതിരുന്ന പല വീടുകളിലും പുലർച്ചെയോടെ മുറ്റത്തേക്കും വീടുകൾക്കകത്തേക്കും വെള്ളം കയറി. ജലനിരപ്പ് ഉയരുന്ന സാഹചര്യം 2018-ലെ മഹാപ്രളയത്തെ ഓർമ്മിപ്പിക്കുന്നതാണെന്ന് പ്രദേശവാസികൾ പറയുന്നു.
രക്ഷാപ്രവർത്തനം ശക്തമാക്കുന്നതിനായി കൊല്ലത്തുനിന്ന് 10 മത്സ്യബന്ധന വള്ളങ്ങളും 40 മത്സ്യത്തൊഴിലാളികളെയും പത്തനംതിട്ടയിലേക്ക് വിന്യസിച്ചു. ആറന്മുളയിൽ നിരവധി വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. എൻ.ഡി.ആർ.എഫും ഫയർഫോഴ്‌സും ചേർന്ന് കിടപ്പുരോഗികളെയും വയോധികരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ടെങ്കിലും, ചിലർ വീട് വിട്ടുപോകാൻ തയ്യാറാകാത്തത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുകയാണ്. ചെങ്ങന്നൂരിൽ ഇതിനകം പത്തിലധികം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.
കനത്ത മഴ കാർഷിക മേഖലയെയും സാരമായി ബാധിച്ചു. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ഏത്തവാഴ ഉൾപ്പെടെയുള്ള കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. റാന്നിയിൽ നിന്ന് വെള്ളം ഇറങ്ങുന്നതോടെ ആറന്മുള പോലുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കുള്ള വെള്ളപ്പൊക്ക ഭീഷണിയും വർധിക്കുകയാണ്. ഡാമുകൾ തുറക്കേണ്ട സാഹചര്യമുണ്ടാകാൻ സാധ്യതയുള്ളതിനാൽ നദീതീര മേഖലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കോഴിക്കോട് ജില്ലയിലെ കണ്ണാടിക്കൽ, പറമ്പിൽ ബസാർ പ്രദേശങ്ങളിലും പൂനൂർപുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഏകദേശം 200 വീടുകളിൽ വെള്ളം കയറി. രാത്രി വൈകുവോളം വെള്ളപ്പൊക്ക ലക്ഷണങ്ങൾ പ്രകടമല്ലാതിരുന്ന പ്രദേശങ്ങളിൽ മണിക്കൂറുകൾക്കകം സ്ഥിതി ഗുരുതരമായി. ദുരിതബാധിതരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.
മലപ്പുറം ജില്ലയിൽ വ്യാപക മണ്ണിടിച്ചിലാണ് ആശങ്ക ഉയർത്തുന്നത്. പാണക്കാട്ട് കുന്നിന്റെ ഒരു ഭാഗം റോഡിലേക്ക് ഇടിഞ്ഞുവീണതോടെ പരപ്പനങ്ങാടി–നാടുകാണി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ ഖനന പ്രവർത്തനങ്ങളാണ് മണ്ണിടിച്ചിലിന് കാരണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് കുന്നിന് മുകളിലെ ഹോസ്റ്റലിൽ നിന്നുള്ള കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. എടായിപ്പാലം മേഖലയിലും തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് പൊലീസ് ഇടപെട്ട് പ്രദേശവാസികളെ ഒഴിപ്പിച്ചു. കല്ലും മണ്ണും റോഡിലേക്ക് പതിക്കുന്നതിനാൽ പ്രദേശത്ത് കർശന ജാഗ്രത തുടരുകയാണ്.










