01:13am 10 November 2026
NEWS
ഖജനാവിൽ ഇപ്പോഴും പൂച്ച തന്നെ! ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം
27/07/2026  09:23 AM IST
nila
ഖജനാവിൽ ഇപ്പോഴും പൂച്ച തന്നെ! ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്ന് വിലയിരുത്തിയ ധനവകുപ്പ്, അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിന് മുന്നോടിയായി എല്ലാ വകുപ്പുകൾക്കും ചെലവ് നിയന്ത്രണ നിർദേശം നൽകി. കർശന സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ശമ്പളം ഒഴികെയുള്ള പദ്ധതി ഇതര ചെലവുകൾ ഈ വർഷത്തെ തോതിൽ തന്നെ തുടരണമെന്നാണ് നിർദേശം. ഫലപ്രദമല്ലാത്ത പദ്ധതികൾ അവസാനിപ്പിക്കാനും അടിയന്തരമല്ലാത്ത അറ്റകുറ്റപ്പണികൾ പിന്നീട് നടത്താനുമായി മാറ്റിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പദ്ധതികൾ അവസാനിപ്പിക്കുന്നതിലൂടെ അധികമാകുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടതില്ല. ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പുനർനിയമിക്കാനായി അവരുടെ പട്ടിക തയ്യാറാക്കാനും വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പുതുക്കിയ എസ്റ്റിമേറ്റ് യഥാർഥ ബജറ്റ് തുകയെക്കാൾ കൂടരുതെന്നും ധനവകുപ്പ് ഓർമ്മിപ്പിച്ചു.

നികുതിയും നികുതി ഇതര കുടിശികയും വേഗത്തിൽ പിരിച്ചെടുക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കണം. ഇതുസംബന്ധിച്ച കണക്കുകളും സ്വീകരിച്ച നടപടികളും വകുപ്പുകൾ സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

ഇതിനിടെ, ഭരണമാറ്റത്തെ തുടർന്ന് സർക്കാർ പുതിയ ഔദ്യോഗിക ഡയറി പുറത്തിറക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ, അവരുടെ സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി ഡയറി തയ്യാറാക്കും. അടുത്ത മാസം 24-നകം ആവശ്യമായ വിവരങ്ങൾ കൈമാറാൻ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ പുറത്തിറക്കിയ ഡയറിയുടെ പശ്ചാത്തലത്തിൽ ഇത്തവണ അച്ചടി കോപ്പികളുടെ എണ്ണം കുറയ്ക്കും. കൂടുതൽ പേർക്ക് ഉപയോഗിക്കാനായി ഡിജിറ്റൽ ഡയറിക്ക് മുൻഗണന നൽകാനാണ് സർക്കാർ തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img