10:11pm 07 November 2026
NEWS
നാലുവരി റയിൽ പദ്ധതിയിലും കേരളത്തിന് അവ​ഗണന
05/09/2026  07:28 AM IST
nila
നാലുവരി റയിൽ പദ്ധതിയിലും കേരളത്തിന് അവ​ഗണന

ന്യൂഡൽഹി: രാജ്യത്തെ തിരക്കേറിയ റെയിൽപ്പാതകൾ നാലുവരിയാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ കേരളത്തിന് ഇടമില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ ട്രെയിൻ ഗതാഗതമുള്ള സെക്‌ഷനുകൾ കേന്ദ്രീകരിച്ചാണ് റെയിൽവേയുടെ 11,000 കിലോമീറ്റർ നാലുവരിപ്പാത പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഇതിൽ പകുതിയോളം ദൂരത്തിന് അനുമതി ലഭിക്കുകയോ നിർമാണം ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന ഭാഗങ്ങൾ നിലവിൽ വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്ന ഘട്ടത്തിലാണ്.

ഡൽഹി–മുംബൈ (1,384 കി.മി.), ഡൽഹി–ഹൗറ (1,529 കി.മി.), ഹൗറ–ചെന്നൈ (1,653 കി.മി.), ഡൽഹി–ചെന്നൈ (2,174 കി.മി.), ചെന്നൈ–മുംബൈ (1,289 കി.മി.) തുടങ്ങിയ പ്രധാന റെയിൽ ഇടനാഴികളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചെന്നൈ–നാഗ്പുർ, മുംബൈ–നാഗ്പുർ, ഡൽഹി–നാഗ്പുർ, ഹൗറ–നാഗ്പുർ, ഡൽഹി–ഗുവാഹാട്ടി പാതകളും പട്ടികയിലുണ്ട്. റെയിൽവേയുടെ ആകെ ഗതാഗതത്തിന്റെ 41 ശതമാനവും ഈ റൂട്ടുകളിലൂടെയാണ് നടക്കുന്നത്.

തിരക്കിന്റെ തോത് വ്യക്തമാക്കുന്നതാണ് ഈ പാതകളിലെ ട്രെയിൻ സർവീസുകളുടെ എണ്ണം. ഡൽഹി–ഹൗറ പാതയിൽ പ്രതിദിനം 120 യാത്രാ ട്രെയിനുകളും 100 ചരക്കുതീവണ്ടികളും സർവീസ് നടത്തുന്നുണ്ട്. മുംബൈ മേഖലയിലെ പ്രധാന പാതയിൽ യഥാക്രമം 90 യാത്രാ ട്രെയിനുകളും 85 ചരക്കുതീവണ്ടികളുമാണ് ഓടുന്നത്.

എന്നാൽ കേരളത്തിലെ പ്രധാന പാതകളിലും ട്രെയിൻ ഗതാഗതം വലിയ തോതിലുണ്ട്. തൃശൂർ–എറണാകുളം സെക്‌ഷനിൽ മാത്രം പ്രതിദിനം നൂറോളം യാത്രാ ട്രെയിനുകളുണ്ട്. കണ്ണൂർ–ഷൊർണൂർ പാതയിൽ അറുപതോളം ട്രെയിനുകളും എറണാകുളം–തിരുവനന്തപുരം റൂട്ടിൽ 64 ട്രെയിനുകളും ദിവസേന സർവീസ് നടത്തുന്നു. ഇതിനു പുറമെ ഹ്രസ്വദൂര ലോക്കൽ ട്രെയിനുകൾ, മെമു സർവീസുകൾ, വിവിധ ജില്ലകളിൽ നിന്ന് ആരംഭിക്കുന്ന ട്രെയിനുകൾ, ചരക്കുതീവണ്ടികൾ എന്നിവയും കേരള റെയിൽപാതയിൽ സജീവമാണ്.

റെയിൽപ്പാതയുടെ ശേഷി വർധിപ്പിക്കാതെ പുതിയ ട്രെയിൻ സർവീസുകൾ അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് റെയിൽവേ. കേരളത്തിലെ മൂന്നാംപാത പദ്ധതിയും ഇതുവരെ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. ഇതോടെ നിലവിലുള്ള പാതകളിലെ തിരക്ക് കുറയ്ക്കാനും കൂടുതൽ സർവീസുകൾ അനുവദിക്കാനും കേരളത്തിന് മുന്നിലുള്ള വെല്ലുവിളി തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img