
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി അനുവദിക്കാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് എലപ്പുള്ളിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കോക്കോകോള കമ്പനിയേക്കാൾ വെള്ളം ബ്രൂവറിക്ക് ആവശ്യമായി വരുമെന്നും വി ഡി സതീശൻ പറഞ്ഞു. മലമ്പുഴ ഡാമിൽ ആവശ്യത്തിന് വെള്ളമില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഒയാസിസ് കമ്പനി വന്ന വഴി സുതാര്യമല്ല എന്നാണ് സതീശൻ ആരോപിക്കുന്നത്. അഴിമതിയിലൂടെയാണ് ഒയാസിസ് കമ്പനി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂഗർഭജലം മലിനമാക്കിയതിന് കുറ്റവാളിയായി നിൽക്കുന്ന കമ്പനിയാണ് ഒയാസിസ്. ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐക്കെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനമാണ് ഉയർത്തിയത്. നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സിപിഐ ആസ്ഥാനത്ത് പോയി സിപിഐ നിലപാടിനെതിരായ തീരുമാനമാണ് മുഖ്യമന്ത്രി അടിച്ചേൽപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.











