01:01pm 12 November 2026
NEWS
ഭരണത്തിലെത്തുന്നത് 76 സീറ്റുകളുമായി; പ്രതിപക്ഷത്തിന് 62; ഇക്കുറി ബിജെപി രണ്ട് സീറ്റുകൾ നേടുമെന്നും പ്രവാസി മലയാളിയുടെ പ്രവചനം
03/05/2026  04:59 PM IST
nila
ഭരണത്തിലെത്തുന്നത് 76 സീറ്റുകളുമായി; പ്രതിപക്ഷത്തിന് 62; ഇക്കുറി ബിജെപി രണ്ട് സീറ്റുകൾ നേടുമെന്നും പ്രവാസി മലയാളിയുടെ പ്രവചനം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പ്രവാസി മലയാളിയായ അഹമ്മദ് പറമ്പത്തിന്റെ പ്രവചനമാണ് രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്യത പുലർത്തിയതായി ശ്രദ്ധിക്കപ്പെട്ട അഹമ്മദ് ഇത്തവണ യുഡിഎഫിനാണ് മുന്നേറ്റമെന്ന വിലയിരുത്തലാണ് മുന്നോട്ടുവയ്ക്കുന്നത്.

അഹമ്മദിന്റെ കണക്കുപ്രകാരം യുഡിഎഫ് 76 സീറ്റുകൾ നേടി ഭരണത്തിലെത്തും. എൽഡിഎഫിന് 62 സീറ്റുകളും ബിജെപിക്ക് 2 സീറ്റുകളും ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. മഞ്ചേശ്വരത്ത് ബിജെപി നേതാവ് കെ സുരേന്ദ്രൻ നാലായിരത്തിലേറെ വോട്ടുകൾക്ക് പിന്നിലാകുമെന്നും, മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാർഥികൾക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

അഹമ്മദ് പറമ്പത്തിന്റെ പ്രവചനങ്ങൾ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. 1984ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 414 സീറ്റുകൾ ലഭിക്കുമെന്ന് പറഞ്ഞത് കൃത്യമായി ഫലവുമായി ഒത്തുപോയിരുന്നു. കേരളത്തിൽ യുഡിഎഫ് നേടുമെന്ന് പ്രവചിച്ച 17 സീറ്റുകളും അന്നത്തെ ഫലത്തിൽ യാഥാർഥ്യമായി.

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ബിജെപിക്ക് 400 സീറ്റുകൾ ലഭിക്കുമെന്ന വിലയിരുത്തലുകൾ ശക്തമായിരുന്ന സമയത്ത്, ബിജെപി 282 സീറ്റുകൾക്കടുത്ത് മാത്രമേ എത്തൂവെന്ന് അഹമ്മദ് പറഞ്ഞിരുന്നു. ഫലം പുറത്തുവന്നപ്പോൾ പാർട്ടിക്ക് ലഭിച്ചത് 283 സീറ്റുകളായിരുന്നു. പാർട്ടിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കില്ലെന്ന വിലയിരുത്തലും ശരിയായി.

2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 136 സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിച്ചതും അതേപടി യാഥാർഥ്യമായി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസ് 25,000ത്തിലധികം വോട്ടിന് ജയിക്കുമെന്ന് പറഞ്ഞപ്പോൾ ലഭിച്ച ഭൂരിപക്ഷം 25,016 ആയിരുന്നു.

സാമുദായിക സ്വാധീനങ്ങൾ, പോളിങ് ശതമാനം, പ്രാദേശിക രാഷ്ട്രീയ നീക്കങ്ങൾ, സ്ഥാനാർഥികളുടെ ജനപ്രീതി എന്നിവ വിശദമായി വിലയിരുത്തിയാണ് തന്റെ കണക്കുകളിലെത്തുന്നതെന്ന് അഹമ്മദ് വ്യക്തമാക്കുന്നു. ഫലപ്രഖ്യാപന ദിനത്തിൽ അദ്ദേഹത്തിന്റെ ഇത്തവണത്തെ പ്രവചനം എത്രത്തോളം ശരിയാകുമെന്ന് അറിയാനാണ് ഇനി രാഷ്ട്രീയകേരളം കാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img