07:53pm 08 May 2026
NEWS
യുഡിഎഫ് ജയിച്ചതോടെ മഹേഷ് പന്തയത്തിൽ തോറ്റു; മുസ്തഫയ്ക്ക് സ്വന്തമായത് 70,000 രൂപയുടെ കറവപശു
06/05/2026  05:49 PM IST
nila
യുഡിഎഫ് ജയിച്ചതോടെ മഹേഷ് പന്തയത്തിൽ തോറ്റു; മുസ്തഫയ്ക്ക് സ്വന്തമായത് 70,000 രൂപയുടെ കറവപശു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 102 സീറ്റുകളാണ് കിട്ടിയതെങ്കിൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ തിരൂർ സ്വദേശി കുന്നത്ത് മുസ്തഫയ്ക്ക് സ്വന്തമായത് 70,000 രൂപ വിലമതിക്കുന്ന ഒരു കറവപശുവാണ്. സുഹൃത്തുക്കളും ക്ഷീരകർഷകരുമായ മുസ്തഫയും മഹേഷും തമ്മിലുള്ള പന്തയത്തിനൊടുവിലാണ് പശു മുസ്തഫയ്ക്ക് സ്വന്തമായത്. 

തിരൂർ വെട്ടം പഞ്ചായത്തിലെ കാനൂർ സ്വദേശിയായ മുസ്തഫ മുസ്ലീംലീ​ഗ് പ്രവർത്തകനാണ്.  നിറമരുതൂർ പത്തമ്പാട് സ്വദേശിയായ മഹേഷ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും. വോട്ടെടുപ്പിന് രണ്ടാഴ്ച മുമ്പ് നടന്ന രാഷ്ട്രീയ ചർച്ചകൾക്കിടെയാണ് ഇരുവരും നിയമസഭാ തെര‍ഞ്ഞെടുപ്പ് ഫലത്തെചൊല്ലി പന്തയം വെച്ചത്. 

ഇടതുമുന്നണിക്ക് തുടർഭരണം ലഭിക്കുമെന്നായിരുന്നു മഹേഷിന്റെ വാദം. പരാജയപ്പെട്ടാൽ തന്റെ തൊഴുത്തിലെ ആറ് കറവപ്പശുക്കളിൽ ഇഷ്ടമുള്ള ഒന്നിനെ മുസ്തഫയ്ക്ക് നൽകുമെന്നും മഹേഷ് പന്തയം വച്ചു. യുഡിഎഫ് ഭരണം പിടിക്കുമെന്നായിരുന്നു മുസ്തഫയുടെ വാദം. തോറ്റാൽ തന്റെ പശുവിനെ മഹേഷിന് നൽകുമെന്നും മുസ്തഫ പന്തയം വച്ചു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മഹേഷ് പന്തയത്തിൽ പരാജയപ്പെട്ടു. ഫലപ്രഖ്യാപനത്തിന് പിന്നാലെ മഹേഷ് തന്നെ മുസ്തഫയെ ഫോണിൽ വിളിച്ച് പശുവിനെ കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. രാഷ്ട്രീയത്തിലെ കടുത്ത മത്സരം വ്യക്തിബന്ധങ്ങളെ ബാധിക്കില്ലെന്ന് തെളിയിച്ച മഹേഷ്, തന്റെ തൊഴുത്തിലെ പശുക്കളിൽ നിന്ന് ഇഷ്ടമുള്ളതിനെ തിരഞ്ഞെടുക്കാൻ മുസ്തഫയോട് പറഞ്ഞു.

ഏകദേശം 70,000 രൂപ വിലമതിക്കുന്ന, ദിവസം 16 ലിറ്റർ പാൽ നൽകുന്ന നാല് വയസ്സുള്ള പശുവിനെയാണ് മുസ്തഫ തിരഞ്ഞെടുത്തത്. രാഷ്ട്രീയ വൈരത്തിനപ്പുറം പന്തയത്തിലെ മാന്യത കാത്തുസൂക്ഷിച്ച മഹേഷിന്റെ നടപടി ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img