
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുതിയ ഭരണകൂടം സംബന്ധിച്ച ചർച്ചകൾ സജീവമാണ്. പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം ഭരണം തിരിച്ചുപിടിക്കും എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസും യുഡിഎഫും. പുതിയ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അവരുടെ പേഴ്സണൽ സ്റ്റാഫിനെയുമൊക്കെ കുറിച്ചുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥനെതിരെ സോഷ്യൽ മീഡിയയിൽ ഭീഷണിസന്ദേശങ്ങൾ ഉയരുന്നത്.
നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗമായ സന്ദീപിനെ ലക്ഷ്യമിട്ടാണ് ഈ പ്രചാരണങ്ങൾ. “ഭരണം ലഭിച്ചാൽ കൈകാര്യം ചെയ്യും” എന്ന തരത്തിലുള്ള സന്ദേശങ്ങൾ സൈബർ ഇടങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഉയർന്നത്. സന്ദീപിന്റെ ചിത്രം ഉൾപ്പെടുത്തി “കണക്ക് തീർക്കും” എന്ന തരത്തിലുള്ള പോസ്റ്റുകളും പങ്കുവെക്കപ്പെടുന്നു.
ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ നടന്ന ലാത്തിച്ചാർജിന് നേതൃത്വം നൽകിയതും സന്ദീപ് ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അതേസമയം, അന്ന് ഉണ്ടായ സംഭവം “രക്ഷാപ്രവർത്തനം” മാത്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ പരാമർശവും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
'22 ദിവസം കൂടി കഴിഞ്ഞോട്ടെ, ഞങ്ങൾ സാറുമാരെ സുഖിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ തല അടിച്ചുപൊട്ടിക്കാൻ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാർഡ് ഒരെണ്ണം എടുത്തു വെച്ചോ' എന്നാണ് അരുൺ രാജേന്ദ്രന്റെ പോസ്റ്റിലെ ഉള്ളടക്കം. 'ഞങ്ങളുടെ കണക്കു പുസ്തകത്തിൽ രക്തം കൊണ്ട് എഴുതിയിരിക്കുന്ന കണക്കുകൾ ഒരുപാടുണ്ട്' എന്നും പോസ്റ്റിൽ പറയുന്നു.യൂത്ത് കോൺഗ്രസ് ബാറ്റിൽ എന്ന പേജിലും കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിലും സമാനമായ രീതിയിൽ ഭീഷണി സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ഞങ്ങളുടെ പ്രവർത്തകരുടെ ഓരോ തുള്ളി ചോരയ്ക്കും കണക്ക് ചോദിച്ചിരിക്കും' എന്നാണ് പോസ്റ്റുകൾ.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തന്നെ സർക്കാർ രൂപീകരണത്തെക്കുറിച്ചും മന്ത്രിസഭയെക്കുറിച്ചും കോൺഗ്രസ് സൈബർ ഇടങ്ങളിൽ ചർച്ചകൾ സജീവമാണ്. ഇതിനിടയിലാണ് പോലീസുകാർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകുമെന്ന സൂചന നൽകുന്ന ഇത്തരം പോസ്റ്റുകൾ വരുന്നത്. ഈ സംഭവത്തിൽ സന്ദീപിന്റെ ഭാഗത്തുനിന്ന് ഇതുവരെ പോലീസിൽ പരാതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.











