
പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ സ്കൂൾ മാനേജ്മെന്റ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനേക്കാൾ സർക്കാരിനെ വിമർശിക്കാനാണ് സ്കൂൾ മാനേജ്മെന്റ് വ്യഗ്രത കാട്ടിയതെന്നും മന്ത്രി കുറ്റപ്പെടുത്തി. സർക്കാരിന് മുകളിലാണ് ഞങ്ങളെന്ന ഭാവം ഉണ്ടെങ്കിൽ അത് അംഗീകരിക്കില്ലെന്നും സ്കൂൾ മാനേജ്മെന്റിന് മന്ത്രി മുന്നറിയിപ്പ് നൽകി.
പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സംശയിക്കുന്നുവെന്നായിരുന്നു ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഇന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രതികരണം. കോൺഗ്രസിന് വേണ്ടിയോ മറ്റാർക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയപരവും വർഗീയപരവുമായ വിവേചനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിക്കാൻ ആര് ശ്രമിച്ചാലും അത് സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാലയങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ വേദിയാക്കാൻ ആരേയും അനുവദിക്കില്ല. ഒരവസരം കിട്ടി എന്നുള്ളതുകൊണ്ട് ഒരു പിടിഎ പ്രസിഡന്റും പ്രിൻസിപ്പലും മാനേജറും ഇത്രയധികം മോശമായി സർക്കാരിനെയും അതിന്റെ സംവിധാനത്തേയും പരസ്യമായി വിമർശിക്കാൻ പാടുണ്ടോയെന്നും ശിവൻകുട്ടി ചോദിച്ചു. വലിയ ആഹ്ലാദത്തോടെയാണ് അവർ വിമർശനം നടത്തിയത്. എന്നിട്ട് സർക്കാരിനെ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി വേണ്ട. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമവിരുദ്ധമായ കാര്യങ്ങൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിലിടപെടാനുള്ള അധികാരം പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ടെന്നും മന്ത്രി പറഞ്ഞു.
'സ്‌കൂൾ അധികൃതരുടെ ഭാഗത്ത്‌നിന്നും അവരുടെ അഭിഭാഷകയുടെ ഭാഗത്ത്‌നിന്നും ഉണ്ടായ അപക്വമായ പരാമർശങ്ങൾ പ്രശ്‌നത്തെ കൂടുതൽ വഷളാക്കാനെ ഉപകരിക്കൂ. അതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന് യോജിച്ചതല്ല. സർക്കാർ വിശദീകരണം ചോദിച്ചാൽ മറുപടി പറയേണ്ടത് പിടിഎ പ്രസിഡന്റും അഭിഭാഷകയുമല്ലെന്ന് മാനേജ്‌മെന്റിന് ഓർമ വേണം. വിദ്യാർഥികളുടെ പഠനാന്തരീക്ഷം സുരക്ഷിതമാക്കുക എന്നതാണ് പ്രഥമ പരിഗണന. സർക്കാർ വിഷയത്തിൽ നിയമപരമായ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യും'ശിവൻകുട്ടി പറഞ്ഞു.
പ്രശ്‌നം തീർന്നതിന് ശേഷം സർക്കാരിനെയും മന്ത്രിയേയും ഒരടിസ്ഥാനവുമില്ലാതെ വിമർശിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്. എന്ത് അധികാരമാണെന്നൊക്കെ ചോദിച്ചു. അങ്ങനെയൊന്നും കേരളത്തിലെ ഒരു മാനേജ്‌മെന്റും ഇതുവരെ ചോദിച്ചിട്ടില്ല. സർക്കാരിന് മുകളിലാണ് ഞങ്ങളെന്ന ഭാവം ഉണ്ടെങ്കിൽ അത് അംഗീകരിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.











