08:25pm 14 September 2026
NEWS
ഡ്രൈവിങ് ലൈസൻസിന് ഇനി ‘ക്ലിക്ക്’ പരീക്ഷയും; 60 മാർക്ക് നിർബന്ധം; പുതിയ നിയമം ഡിസംബർ 1 മുതൽ
14/09/2026  07:49 PM IST
nila
ഡ്രൈവിങ് ലൈസൻസിന് ഇനി ‘ക്ലിക്ക്’ പരീക്ഷയും; 60 മാർക്ക് നിർബന്ധം; പുതിയ നിയമം ഡിസംബർ 1 മുതൽ

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് നേടാൻ ഇനി റോഡ് ടെസ്റ്റും ഗ്രൗണ്ട് ടെസ്റ്റും മാത്രം മതിയാകില്ല. ലൈസൻസ് പരീക്ഷാ രീതിയിൽ നിർണായക മാറ്റവുമായി ഗതാഗത വകുപ്പ്. റോഡിലെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനുള്ള ഡ്രൈവറുടെ കഴിവ് പരിശോധിക്കുന്ന ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി ഇനി നിർബന്ധമാകും.

ഡിസംബർ 1 മുതൽ പുതിയ പരീക്ഷ നിലവിൽ വരും. രാജ്യത്ത് ആദ്യമായാണ് ഡ്രൈവിങ് ലൈസൻസ് പരീക്ഷയുടെ ഭാഗമായിട്ട് ഇത്തരമൊരു ടെസ്റ്റ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. റോഡിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും തടസങ്ങളും കൃത്യസമയത്ത് തിരിച്ചറിയാനും അതിനനുസരിച്ച് പ്രതികരിക്കാനുമുള്ള ശേഷിയാണ് പുതിയ പരീക്ഷയിലൂടെ പരിശോധിക്കുക.

ലേണേഴ്‌സ് ലൈസൻസ് ലഭിച്ച് 30 ദിവസം പൂർത്തിയായ ശേഷമാണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് നടത്തുക. ഈ പരീക്ഷയിൽ വിജയിച്ചാൽ മാത്രമേ തുടർന്ന് ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനും പങ്കെടുക്കാൻ സാധിക്കൂ.

എങ്ങനെയായിരിക്കും പുതിയ പരീക്ഷ?

കംപ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷയിൽ ആകെ 10 വീഡിയോ ക്ലിപ്പുകളാണ് ഉണ്ടാകുക. ഓരോ ക്ലിപ്പിനും 10 മാർക്ക് വീതം, ആകെ 100 മാർക്ക്.

ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള ഓരോ വീഡിയോയും കണ്ട് അതിൽ പ്രത്യക്ഷപ്പെടുന്ന അപകടസാധ്യതകൾ കൃത്യസമയത്ത് തിരിച്ചറിയണം. ഇതിനായി പരീക്ഷാർഥി കംപ്യൂട്ടർ മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്ത് പ്രതികരിക്കണം.

ഓരോ വീഡിയോ ക്ലിപ്പിലും റോഡിലെ രണ്ട് തടസങ്ങളോ അപകടസാധ്യതകളോ ഉണ്ടാകും. ഇവ എത്ര വേഗത്തിൽ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും മാർക്ക് നൽകുക. കൃത്യസമയത്ത് പ്രതികരിച്ചാൽ മുഴുവൻ മാർക്കും ലഭിക്കും. പ്രതികരണം വൈകുന്നതിനനുസരിച്ച് മാർക്ക് കുറയും.

100ൽ കുറഞ്ഞത് 60 മാർക്ക് നേടിയാൽ മാത്രമേ പരീക്ഷ വിജയിക്കാനാകൂ. അതായത് 60 ശതമാനം മാർക്ക് നേടാത്തവർക്ക് തുടർന്നുള്ള ഗ്രൗണ്ട്, റോഡ് ടെസ്റ്റുകളിൽ പങ്കെടുക്കാൻ കഴിയില്ല.

ഡ്രൈവിങ് സ്കൂളുകൾക്കും നിർദേശം

പുതിയ പരീക്ഷാ രീതിക്കായി ഡ്രൈവിങ് സ്കൂളുകൾ നേരത്തെ തന്നെ പരിശീലനം ഒരുക്കണമെന്ന് ഗതാഗത കമ്മിഷണർ സി. നാഗരാജു നിർദേശം നൽകി. ഒക്ടോബർ 1 മുതൽ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിനുള്ള പരിശീലന സൗകര്യങ്ങൾ ഡ്രൈവിങ് സ്കൂളുകളിൽ സജ്ജമാക്കണം.

ഓപ്പൺ സോഴ്‌സ് ടൂളുകൾ ഉപയോഗപ്പെടുത്തി പരീക്ഷാർഥികൾക്ക് മൂന്ന് മാസം പരിശീലനം നൽകാനും നിർദേശം നൽകിയിട്ടുണ്ട്.

യുകെ, ഓസ്‌ട്രേലിയ ഉൾപ്പെടെ വിവിധ വിദേശരാജ്യങ്ങളിൽ നിലവിലുള്ള ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിന്റെ മാതൃകയിലാണ് കേരളത്തിലും പുതിയ പരീക്ഷ നടപ്പാക്കുന്നത്.

ഡ്രൈവർമാരുടെ അശ്രദ്ധയും റോഡിലെ അപകടസാധ്യത കൃത്യമായി വിലയിരുത്തുന്നതിലെ പിഴവുകളും വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളാണെന്നാണ് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ തന്നെ അപകടസാധ്യത തിരിച്ചറിയാനുള്ള കഴിവ് പരിശോധിക്കുന്ന പുതിയ ഘട്ടം കൂടി ഉൾപ്പെടുത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img