05:48am 13 November 2026
NEWS
തദ്ദേശത്തിൽ കാലിടറി എൽഡിഎഫ്; ആശ്വസിക്കാൻ ആകെയുള്ളത് ജില്ലാ പഞ്ചായത്തുകളിലെ സമനില
13/12/2025  10:02 PM IST
nila
തദ്ദേശത്തിൽ കാലിടറി എൽഡിഎഫ്; ആശ്വസിക്കാൻ ആകെയുള്ളത് ജില്ലാ പഞ്ചായത്തുകളിലെ സമനില

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഭരണവിരുദ്ധ വികാരത്തിന്റെ വ്യക്തമായ പ്രതിഫലനമാണ് കാണാനാകുന്നത്. ഗ്രാമപഞ്ചായത്ത് മുതൽ കോർപറേഷൻ വരെ മിക്ക തലങ്ങളിലും മേൽകൈ നേടിയത് പ്രതിപക്ഷമായ യുഡിഎഫാണ്. ഭരണകക്ഷിയായ എൽഡിഎഫിന് ആശ്വാസം നൽകുന്നത് ജില്ലാ പഞ്ചായത്തുകളിലെ ബലാബല നില മാത്രമാണ്. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളിലും ഏഴ് വീതം എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചു.

അതേസമയം, വിജയിച്ച ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണത്തിൽ യുഡിഎഫ് വ്യക്തമായ മുൻതൂക്കം നേടി. ആകെ 346 ഡിവിഷനുകളിൽ 196 ഇടങ്ങളിൽ യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫ് 148 ഡിവിഷനുകളിലേക്കാണ് ചുരുങ്ങിയത്. എൻഡിഎക്കും ആർഎംപിക്കും ഓരോ ഡിവിഷനുകൾ വീതം ലഭിച്ചു. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത് എൽഡിഎഫിന് കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

2020ൽ 11 ജില്ലാ പഞ്ചായത്തുകൾ കൈവശം വെച്ചിരുന്ന എൽഡിഎഫിന് ഇത്തവണ ആ ആധിപത്യം നിലനിർത്താനായില്ല. അന്ന് യുഡിഎഫ് ജയിച്ച മൂന്നു ജില്ലാ പഞ്ചായത്തുകളിൽ ഒന്നായ വയനാട് നറുക്കെടുപ്പിലൂടെയായിരുന്നു ഭരണം ഉറപ്പിച്ചത്. എന്നാൽ ഇത്തവണ വയനാട് ഉൾപ്പെടെ പല ജില്ലകളിലും യുഡിഎഫ് വ്യക്തമായ മേൽകൈ നേടി.

തിരുവനന്തപുരം ജില്ലയിൽ എൽഡിഎഫ് നേരിയ മുൻതൂക്കം നിലനിർത്തിയെങ്കിലും (15–13), സംസ്ഥാനത്താകെ മുന്നേറ്റം നടത്തിയ എൻഡിഎ തലസ്ഥാനത്ത് ഡിവിഷനുകൾ നഷ്ടപ്പെടുത്തിയത് ശ്രദ്ധേയമായി. കൊല്ലത്ത് എൽഡിഎഫ് ശക്തമായി നിലകൊണ്ടപ്പോൾ പത്തനംതിട്ടയിൽ യുഡിഎഫ് കുതിപ്പ് പ്രകടമായി; 17 ഡിവിഷനുകളിൽ 12 എണ്ണം യുഡിഎഫ് സ്വന്തമാക്കി.

സിപിഎമ്മിന്റെ കോട്ടയായ ആലപ്പുഴയിൽ താഴത്തെ തലങ്ങളിൽ കാലിടറിയ എൽഡിഎഫ് ജില്ലാ പഞ്ചായത്തിൽ മാത്രമാണ് പിടിച്ചു നിൽക്കാൻ സാധിച്ചത്. എന്നാൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഇടതുപക്ഷം കനത്ത പരാജയം നേരിട്ടു. ഈ ജില്ലകളിൽ ഭൂരിഭാഗം ഡിവിഷനുകളും യുഡിഎഫ് സ്വന്തമാക്കി.

എറണാകുളം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന്റെ കരുത്ത് ഏറ്റവും വ്യക്തമായി തെളിയിച്ചു. 28 ഡിവിഷനുകളിൽ 25 എണ്ണവും യുഡിഎഫ് പിടിച്ചെടുത്തപ്പോൾ എൽഡിഎഫ് മൂന്നു ഡിവിഷനുകളിലേക്കാണ് ചുരുങ്ങിയത്. തൃശ്ശൂരിൽ എൽഡിഎഫ് മേൽക്കൈ നിലനിർത്തിയെങ്കിലും യുഡിഎഫ് മുൻ തെരഞ്ഞെടുപ്പിനെക്കാൾ സീറ്റുകൾ വർധിപ്പിച്ചു. പാലക്കാടും നേട്ടം യുഡിഎഫിനായിരുന്നു, എങ്കിലും എൽഡിഎഫ് ഭരണം നിലനിർത്തി.

മലപ്പുറം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് വലിയ തിരിച്ചടിയായി. 33 ഡിവിഷനുകളിലും യുഡിഎഫ് വിജയിച്ച് സമ്പൂർണ ആധിപത്യം ഉറപ്പിച്ചപ്പോൾ എൽഡിഎഫ് സംപൂജ്യരായി. സംസ്ഥാനത്ത് ഒരു ഡിവിഷൻ പോലും നേടാനാകാത്ത ഏക ജില്ലാ പഞ്ചായത്തായി മലപ്പുറം മാറി. കോഴിക്കോട് ജില്ലാ പഞ്ചായത്തിലും യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം നടത്തി; 14 സീറ്റുകൾ നേടി ഭരണം ഉറപ്പിച്ചപ്പോൾ ആർഎംപിക്കും ഒരു ഡിവിഷൻ ലഭിച്ചു.

വയനാട് ഇത്തവണ യുഡിഎഫിന്റെ ഉരുക്കുകോട്ടയായി. 15 സീറ്റുകൾ നേടി ഇടതിനെ രണ്ടിലേക്ക് ചുരുക്കി. മറുവശത്ത്, കണ്ണൂരിൽ ഇടതുപക്ഷം തങ്ങളുടെ ഉറച്ച അടിത്തറ നിലനിർത്തി; 25 ഡിവിഷനുകളിൽ 18 എണ്ണം എൽഡിഎഫ് നേടി.

കാസർകോട് ജില്ലയിൽ ഫലം ഏകദേശം മുൻവർഷങ്ങളോടു സമാനമായിരുന്നു. എൽഡിഎഫിന് ഒൻപതും യുഡിഎഫിന് എട്ടും സീറ്റുകൾ ലഭിച്ചപ്പോൾ എൻഡിഎ ഒരു ഡിവിഷനിലേക്കു ചുരുങ്ങി.

ആകെക്കുറച്ച് പറഞ്ഞാൽ, ഗ്രാമപഞ്ചായത്ത് മുതൽ കോർപറേഷൻ വരെ ശക്തമായ മുന്നേറ്റം നടത്തിയ യുഡിഎഫ്, ജില്ലാ പഞ്ചായത്തുകളിലും എൽഡിഎഫിനൊപ്പമെത്താൻ കഴിഞ്ഞതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വ്യക്തമായ ആത്മവിശ്വാസം നേടി. അതേസമയം, അധികാരത്തിന്റെ ഭാരവും ഭരണവിരുദ്ധ വികാരവും എൽഡിഎഫിനെ കടുത്ത പരീക്ഷണത്തിലേക്കാണ് നയിക്കുന്നതെന്ന് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img