10:00am 28 August 2026
NEWS
പ്രത്യേക റെയിൽവേ സോൺ വേണമെന്ന ആവശ്യവുമായി കേരളം
28/08/2026  07:17 AM IST
nila
പ്രത്യേക റെയിൽവേ സോൺ വേണമെന്ന ആവശ്യവുമായി കേരളം

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷന്റെ അതിർത്തി പുനർനിർണയിച്ച കേന്ദ്ര തീരുമാനത്തിന് പിന്നാലെ കേരളത്തിനായി പ്രത്യേക റെയിൽവേ സോൺ രൂപീകരിക്കണമെന്ന ആവശ്യത്തിന് ശക്തി. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളെ ഉൾപ്പെടുത്തി കേരളത്തിന് പ്രത്യേക സോൺ അനുവദിക്കണമെന്നാണ് സർക്കാരിന്റെയും സംസ്ഥാനത്തെ എംപിമാരുടെയും ആവശ്യം.

വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള കണ്ടെയ്നർ നീക്കം കരമാർഗം ആരംഭിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റെയിൽവേ അടിസ്ഥാനസൗകര്യ വികസനം വേഗത്തിലാക്കാൻ പ്രത്യേക സോൺ അനിവാര്യമാണെന്നാണ് എംപിമാരുടെ നിലപാട്.

അതേസമയം, പാലക്കാട് ഡിവിഷനിൽനിന്ന് മംഗളുരു മേഖലയെ വേർപ്പെടുത്തി മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്ന ആവശ്യവും കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കും. റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരുമായി കേരളത്തിൽ നിന്നുള്ള എംപിമാർ കൂടിക്കാഴ്ച നടത്തും.

തീരുമാനം പൂർണമായി റദ്ദാക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് കേരളത്തിന് നഷ്ടപരിഹാര സ്വഭാവത്തിലുള്ള വികസന-ആശ്വാസ പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും മുന്നോട്ടുവയ്ക്കുന്നത്. മതിയായ പഠനങ്ങളില്ലാതെ നടത്തിയ അതിർത്തി പുനർനിർണയം അടിയന്തരമായി മരവിപ്പിക്കണമെന്നും എംപിമാർ ആവശ്യപ്പെടും.

നാഗർകോവിലിലും വിഭജന ഭീഷണി?

മംഗളുരു മേഖലയെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റിയതിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനിലെ നാഗർകോവിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും സമാനമായ വിഭജന നീക്കങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്ക കേരളം കേന്ദ്രത്തെ അറിയിക്കും. ഭാവിയിൽ ഉണ്ടാകാവുന്ന ഇത്തരം നീക്കങ്ങൾ സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തെ ബാധിക്കുമെന്നും എംപിമാർ ചൂണ്ടിക്കാട്ടും.

1600 കോടിയിലേറെ വരുമാനം നഷ്ടമാകുമെന്ന് കണക്ക്

പാലക്കാട് ഡിവിഷന്റെ വിഭജനത്തിലൂടെ മാത്രം കേരളത്തിന് പ്രതിവർഷം 1600 കോടിയിലേറെ രൂപയുടെ വരുമാനം നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം പനമ്പൂരിലെ ഗുഡ്സ് ടെർമിനലുകളിൽനിന്ന് 637 കോടി രൂപ വരുമാനം ലഭിച്ചിരുന്നു. ടിക്കറ്റ്, ടിക്കറ്റ് ഇതര വരുമാനമായി 1136 കോടി രൂപയും ഡിവിഷന് ലഭിച്ചു.

മംഗളുരു തുറമുഖം, പനമ്പൂർ കോൾ ടെർമിനൽ, ഉഡുപ്പി പവർ കോർപ്പറേഷൻ ടെർമിനൽ, മംഗളുരു കെമിക്കൽ ആൻഡ് ഫെർടിലൈസർ തുടങ്ങിയവയാണ് ഡിവിഷന്റെ ഉയർന്ന വരുമാനത്തിന് പ്രധാന കാരണം. കോൾ ടെർമിനലിൽനിന്ന് മാത്രം 387.85 കോടി രൂപ ലഭിച്ചു. ഉഡുപ്പി താപവൈദ്യുത നിലയത്തിലേക്ക് ഇന്ധനം എത്തിച്ചതിലൂടെ ചരക്ക് കടത്തുകൂലിയായി 64 കോടി രൂപയും ലഭിച്ചിരുന്നു.

മംഗളുരു മേഖലയെ പാലക്കാട് ഡിവിഷനിൽനിന്ന് വേർപ്പെടുത്തി മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്തുന്ന തീരുമാനം ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതിന് പിന്നാലെയാണ് നഷ്ടം പരിഹരിക്കുന്നതിനും സംസ്ഥാനത്തെ റെയിൽവേ വികസനം ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക റെയിൽവേ സോൺ എന്ന ആവശ്യം കേരളം ശക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img