07:26am 01 November 2026
NEWS
സീനിയർ വനിതാ ടി20യിൽ തമിഴ്നാടിനെ തോൽപ്പിച്ച് കേരളം
31/10/2026  08:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സീനിയർ വനിതാ ടി20യിൽ തമിഴ്നാടിനെ തോൽപ്പിച്ച് കേരളം

ലഖ്‌നൗ: ദേശീയ സീനിയർ വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ തമിഴ്നാടിനെതിരെ കേരളത്തിന് മൂന്ന് വിക്കറ്റ് വിജയം. തോൽവിയുടെ വക്കിൽ നിന്നും ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്ന് പന്തുകൾ ബാക്കിനിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ആദ്യം ബാറ്റ് ചെയ്ത തമിഴ്നാടിനെ കൃത്യതയാർന്ന ബൗളിങ്ങിലൂടെ തുടക്കം മുതൽ കേരളത്തിന്റെ ബൗളർമാർ സമ്മർദ്ദത്തിലാക്കി. തുടരെ വിക്കറ്റുകൾ വീണ തമിഴ്നാട് നിരയിൽ ആകെ മൂന്ന് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കണ്ടത്. എൻ.എസ്. ശുഭഹരിണി 26 ഉം, ആർ. രോഷ്ണി 20 ഉം, ആർഷി ചൗധരി 19 ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി നിയ നസ്നീനും ആശ ശോഭനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ടി. ഷാനിയുടെ (0) വിക്കറ്റ് നഷ്ടമായി. കിരൺ നവ്ഗിരെ 14 റൺസെടുത്ത് പുറത്തായപ്പോൾ, എ. അക്ഷയ ആറ് റൺസുമായി മടങ്ങി. നാലാം വിക്കറ്റിൽ വി. ദൃശ്യയും സജന സജീവനും ചേർന്ന് 22 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ആറ് റൺസെടുത്ത സജന മടങ്ങിയതോടെ തുടരെ മൂന്ന് വിക്കറ്റുകൾ കൂടി വീണു. വി. ദൃശ്യ 26 ഉം, ആശ ശോഭന എട്ടും, ദിവ്യ ഗണേഷ് ഏഴും റൺസെടുത്ത് പുറത്തായി.

മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ കേരളത്തിന് ജയിക്കാൻ വേണ്ടത് 20 പന്തുകളിൽ 32 റൺസായിരുന്നു. എന്നാൽ പതറാതെ ബാറ്റ് വീശിയ നജ്‌ല നൗഷാദും എം.പി. വൈഷ്ണയും ചേർന്ന് കേരളത്തെ വിജയത്തിലെത്തിച്ചു. നജ്‌ല 21 പന്തിൽ നിന്ന് 21 റൺസുമായും വൈഷ്ണ 11 പന്തുകളിൽ നിന്ന് 18 റൺസുമായും പുറത്താകാതെ നിന്നു.വൈഷ്ണ എം.പിയാണ് പ്ലയർ ഓഫ് ദി മാച്ച്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img