
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. നിയമസഭയുടെ മേശപ്പുറത്തുവെച്ച സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന മുന്നറിയിപ്പാണ് നൽകുന്നത്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയിലെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കടുത്ത ട്രഷറി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന് 2025-ൽ മാത്രം 262 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റിനെയും ആശ്രയിക്കേണ്ടിവന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നതാണ് വികസന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നതെന്ന് വിലയിരുത്തൽ. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികയുമായി ബന്ധപ്പെട്ട് 48,733 കോടി രൂപയുടെ അധിക ബാധ്യത പുതിയ സർക്കാരിന് ഏറ്റെടുക്കേണ്ടിവന്നതായും റിപ്പോർട്ടിൽ പറയുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണെന്നതും റിപ്പോർട്ട് എടുത്തുകാട്ടുന്നു. കിഫ്‌ബി മുഖേന സമാഹരിച്ച ഏകദേശം 21,000 കോടി രൂപയുടെ വായ്പ യഥാർത്ഥത്തിൽ സംസ്ഥാനത്തിന്റെ കടബാധ്യതയുടെ ഭാഗമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
ഇതിനുപുറമെ കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 78,851 കോടി രൂപയായി ഉയർന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതമായി പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കുള്ള വിഹിതത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായ കുറവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നികുതി വരുമാനത്തിലെ ഇടിവും പ്രതീക്ഷിച്ച തോതിൽ കേന്ദ്രസഹായം ലഭിക്കാത്തതും സംസ്ഥാനത്തിന്റെ സാമ്പത്തിക സമ്മർദ്ദം വർധിപ്പിച്ച പ്രധാന ഘടകങ്ങളാണെന്നാണ് കണ്ടെത്തൽ. സാമ്പത്തിക അച്ചടക്കവും ധനകാര്യ സുതാര്യതയും ഉറപ്പാക്കാതെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. വ്യവസായ വളർച്ച, സ്വകാര്യ നിക്ഷേപ ആകർഷണം, തൊഴിലവസര സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകിയാണ് ദീർഘകാല സാമ്പത്തിക പുനരുജ്ജീവനം സാധ്യമാകുകയെന്നാണ് റിപ്പോർട്ടിന്റെ ശുപാർശ.










