02:49pm 10 November 2026
NEWS
ലഹരിവിമോചന കേന്ദ്രം ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ
14/07/2025  09:13 AM IST
nila
ലഹരിവിമോചന കേന്ദ്രം ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ

ലഹരിവിമോചന കേന്ദ്രം ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ.  കൊരട്ടി ചെറ്റാരിക്കൽ മാങ്ങാട്ടുകര വീട്ടിൽ വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ചാലക്കുടി റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 4.5 ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 

കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷൻ സെന്ററിലാണ് ഇയാൾ ജോലിചെയ്യുന്നത്. കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന ഇയാൾ ഡി അഡിക്ഷൻ സെന്ററിൽ വരുന്ന രോഗികൾക്ക് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നു. സ്ഥാപന അധികാരികൾ അറിയാതെയായിരുന്നു ഇയാളുടെ ഇടപാട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് വിവേക് പിടിയിലായത്.

അങ്കമാലി കേന്ദ്രീകരിച്ച മയക്കുമരുന്നുലോബിയിലെ കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. പോയന്റ് എന്ന കോഡ് ഉപയോഗിച്ചാണ് ഇയാൾ രാസലഹരി വിറ്റിരുന്നത്. അരഗ്രാമിന് 3000 രൂപ നിരക്കിലാണ് കച്ചവടം നടത്തിയിരുന്നത്. ഇയാൾ രാസലഹരി, അടിപിടിക്കേസുകളിൽ പ്രതിയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എ. ഷഫീക്ക്, സിഇഒമാരായ പി.പി. പ്രണേഷ്, പി.എ. അജിത്ത്, അനീഷ് ചന്ദ്രൻ, മുഹമ്മദ് ഷാൻ, വനിതാ സിഇഒ കെ.എസ്. കാവ്യ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img