07:10pm 14 November 2026
NEWS
കേരളത്തിന്റെ സാംസ്കാരിക പൈതൃകം ഡിസൈനുകളിൽ പ്രതിഫലിക്കണം സർക്കാർ പിന്തുണയോടെ ഡിസൈൻ സ്ഥാപനം ആരംഭിക്കും മുഖ്യമന്ത്രി വി ഡി സതീശൻ
14/11/2026  06:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിന്റെ സാംസ്കാരിക പൈതൃകം ഡിസൈനുകളിൽ പ്രതിഫലിക്കണം സർക്കാർ പിന്തുണയോടെ ഡിസൈൻ സ്ഥാപനം ആരംഭിക്കും മുഖ്യമന്ത്രി വി ഡി സതീശൻ
HIGHLIGHTS

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റീരിയർ ഡിസൈനേഴ്സ് (ഐ ഐ ഐ ഡി) ഡിസൈൻ കോൺക്ലേവ് കളമശ്ശേരി ചാക്കോളാസിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു. അൻഷുമൻ ശർമ, ചിത്ര നായർ, സുനിത വർഗ്ഗീസ്, സൂര്യ പ്രശാന്ത്, മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, ഹൈബി ഈഡൻ എം പി, അർജുൻ രാജൻ, ജമാൽ മണക്കാടൻ എന്നിവർ സമീപം

കൊച്ചി: കേരളത്തിന്റെ സാംസ്കാരിക പൈതൃകവും തനത് വിജ്ഞാനവും പുതിയ ആശയങ്ങളും സമന്വയിപ്പിക്കുന്ന ഡിസൈനുകൾ സംസ്ഥാനത്ത് രൂപപ്പെടണമെന്ന് സർക്കാർ ആഗ്രഹിക്കുന്നതായി കേരള മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഡിസൈനർമാർക്കായി കേരളത്തിൽ  സ്ഥാപനം ആരംഭിക്കാൻ താൽപര്യമുള്ളവർ മുന്നോട്ടുവന്നാൽ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റീരിയർ ഡിസൈനേഴ്സ് (ഐ ഐ ഐ ഡി) ഡിസൈൻ കോൺക്ലേവ് കളമശ്ശേരി ചാക്കോളാസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ തനത് സാംസ്കാരിക പാരമ്പര്യം വാസ്തുവിദ്യയിലും ഡിസൈനുകളിലും പ്രതിഫലിക്കണം. സർക്കാർ നിർമിക്കുന്ന ആശുപത്രികൾ, സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയ കെട്ടിടങ്ങളുടെ രൂപകൽപ്പനയിൽ നിലവിൽ കാര്യമായ വ്യത്യാസങ്ങളില്ല. വ്യക്തമായ കളർ കോഡുകൾ പോലും പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഈ സാഹചര്യം മാറണമെന്നും കെട്ടിടങ്ങളുടെ രൂപകൽപ്പനയിൽ അവയുടെ ആവശ്യകതയ്ക്കും പ്രാദേശിക സവിശേഷതകൾക്കും അനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദ്യ ബജറ്റ് അവതരിപ്പിച്ചപ്പോൾ ആർക്കിടെക്ടുകൾക്കായി ഒരു സ്ഥാപനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതുപോലെ ഡിസൈനർമാർക്കായി കൂടി ഒരു സ്ഥാപനം ആരംഭിക്കേണ്ടതുണ്ട്. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും തനത് വിജ്ഞാനവും ആധുനിക ആശയങ്ങളും സംയോജിപ്പിച്ചുള്ള ഡിസൈനുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഡിസൈനിങ് ഒരു കലയാണെന്നും ഡിസൈനർമാർ കലാകാരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഡിസൈൻ രീതികളും വാസ്തുവിദ്യാ സങ്കൽപ്പങ്ങളും പരിചയപ്പെടുത്തുന്നതിനൊപ്പം അക്കാദമിക് പരിപാടികളും സ്ഥാപനത്തിൽ സംഘടിപ്പിക്കണം. സർക്കാർ ആർക്കിടെക്ടുകൾ, എൻജിനീയർമാർ, ഡിസൈനർമാർ എന്നിവർക്കായി ആറുമാസത്തിലൊരിക്കൽ ഓറിയന്റേഷൻ, പുനഃപരിശീലന പരിപാടികൾ നടത്താനും പുതിയ ഡിസൈനുകൾ, പ്രമേയങ്ങൾ, കളർ കോഡുകൾ എന്നിവ പരിചയപ്പെടുത്താനും സർക്കാർ പിന്തുണ നൽകും.

യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ ദീർഘകാല സാംസ്കാരിക പൈതൃകം വാസ്തുവിദ്യയിലൂടെ സംരക്ഷിക്കുന്ന മാതൃക കേരളവും പിന്തുടരണം. ആർക്കിടെക്ടുകളും ഡിസൈനർമാരും പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്ന മേഖലയാണിത്. ഈ രംഗത്തിന് കൃത്യമായ മാർഗനിർദേശങ്ങളും പുതിയ ആശയങ്ങളും നൽകാൻ കഴിയുന്ന ഒരു സ്ഥാപനം കേരളത്തിൽ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ നഗരങ്ങളുടെ ചരിത്രവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഡിസൈൻ നയം വേണമെന്നും സർക്കാർ വകുപ്പുകളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി പ്രവർത്തിച്ച് നഗരങ്ങളുടെ തനിമ നിലനിർത്തുന്ന നിർമാണരീതികൾക്ക് പ്രാധാന്യം നൽകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹൈബി ഈഡൻ എം പി ആവശ്യപ്പെട്ടു. 

കൊൽക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളിലെപ്പോലെ ഓരോ നഗരത്തിനും അടയാളമായി മാറുന്ന പാലങ്ങളും കവാടങ്ങളും സവിശേഷ നിർമിതികളും കേരളത്തിലും ഉണ്ടാകണം. പൊതുവായ ഡിസൈൻ നയത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സർക്കാർ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഏകോപിതമായി പ്രവർത്തിക്കണം. ഇത്തരമൊരു നയം നടപ്പാക്കുന്നത് ഡിസൈനർമാർക്കും ആർക്കിടെക്ടുകൾക്കും പ്രയോജനകരമാകുന്നതിനൊപ്പം ജനങ്ങൾക്ക് മികച്ച നഗരാന്തരീക്ഷവും കൂടി ഉറപ്പാക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു.

ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ എന്നിവർ പങ്കെടുത്തു. 

കേരളത്തിൽ ഡിസൈനിംഗ് രംഗത്തെ പ്രഗത്ഭരായ എൻ മഹേഷ് തിരുവനന്തപുരം, എസ് ഗോപകുമാർ കൊച്ചി, പരേതനായ എൻ എം സലിം എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. 

ഐ ഐ ഐ ഡി നാഷണൽ ഹോണററി സെക്രട്ടറി അൻഷുമൻ ശർമ, ഐ ഐ ഐ ഡി കേരള റീജിയണൽ ചാപ്റ്റർ ചെയർപേഴ്സ്ൺ ചിത്ര നായർ, ഹോണററി സെക്രട്ടറി സൂര്യ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img