06:05pm 18 April 2026
NEWS
സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്രയെ തകർത്ത് കേരളം എസ്. ആശയ്ക്ക് ആറ് വിക്കറ്റ്
08/02/2026  08:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്രയെ തകർത്ത് കേരളം എസ്. ആശയ്ക്ക് ആറ് വിക്കറ്റ്

റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 111 റൺസിന്റെ തകർപ്പൻ വിജയം. സ്പിന്നർ എസ്. ആശയുടെ ആറ് വിക്കറ്റ് പ്രകടനമാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. കേരളം ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര 31.2 ഓവറിൽ വെറും 76 റൺസിന് പുറത്തായി.

സ്കോർ: കേരളം - 50 ഓവറിൽ 187/9, സൗരാഷ്ട്ര - 31.2 ഓവറിൽ 76 ഓൾ ഔട്ട്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഒരു റണ്ണെടുത്ത ക്യാപ്റ്റൻ ടി. ഷാനിയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. അക്ഷയ (10), പ്രണവി ചന്ദ്ര (0), എസ്. ആശ (5) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. മികച്ച ഷോട്ടുകളുമായി തുടങ്ങിയെങ്കിലും ഐ. വി. ദൃശ്യയ്ക്കും (21)  വലിയൊരു ഇന്നിങ്സ് പടുത്തുയ‍ർത്താനായില്ല. ഇതോടെ അഞ്ച് വിക്കറ്റിന് 49 റൺസെന്ന നിലയിലായിരുന്നു കേരളം. തുടർന്നെത്തിയ നജ്ല, വൈഷ്ണ, കീർത്തി എന്നിവരുടെ ചെറുത്തുനിൽപ്പാണ് കേരളത്തെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. നജ്ല സിഎംസി 27-ഉം വൈഷ്ണ എം പി 46-ഉം കീർത്തി കെ ജെയിംസ് പുറത്താകാതെ 29 റൺസും നേടി. സൗരാഷ്ട്രയ്ക്കായി എൻ. ചാവ്ഡ, റീന എം, എൻ ഓസ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയ്ക്ക് ഇന്നിങ്സിന്റെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാനായില്ല. ഓപ്പണർ ഉമേഷ്‌വരി ജെഠ്‌വയെ പുറത്താക്കി എസ്. ആശ തുടങ്ങിയ വിക്കറ്റ് വേട്ട സൗരാഷ്ട്ര ബാറ്റിങ് നിരയുടെ നടുവൊടിച്ചു. വിക്കറ്റുകൾ തുടരെ വീണതോടെ സൗരാഷ്ട്രയുടെ ഇന്നിങ്സ് 76 റൺസിൽ അവസാനിച്ചു. 17 റൺസെടുത്ത സരസ്വതിയാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി ആറ് വിക്കറ്റെടുത്ത എസ്. ആശയ്ക്ക് പുറമെ കീർത്തി കെ. ജെയിംസ്, ടി. ഷാനി, സലോനി ഡങ്കോരെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. പത്ത് ഓവറിൽ മൂന്ന് മെയ്ഡനടക്കം 13 റൺസ് മാത്രം വിട്ടു കൊടുത്താണ് ആശ ആറ് വിക്കറ്റുകൾ വീഴ്ത്തിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img