11:12pm 01 July 2026
NEWS
ശ്രീശാന്തിന്റെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു.
01/07/2026  03:50 PM IST
ചെറുകര സണ്ണിലൂക്കോസ്
ശ്രീശാന്തിന്റെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു

 

മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചു. സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് നേരത്തെ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കിയിരുന്നത്. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചു.

2026 ജൂലൈ 1-ന് ചേർന്ന KCA സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിൽ ശ്രീശാന്തിന്റെ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്തു. അദ്ദേഹം നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് പിൻവലിക്കാൻ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. എന്നാൽ ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ശ്രീശാന്തിന് യോഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിലക്ക് പിൻവലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്റെ സഹഉടമയായി തുടരാൻ ശ്രീശാന്തിന് സാധിക്കും. കഴിഞ്ഞ KCL സീസൺ മത്സരങ്ങൾക്ക് മുൻപായിരുന്നു കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img