
കൊല്ലം: സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്ന സ്വയം വിമർശനവുമായി സിപിഎം പ്രവർത്തന റിപ്പോർട്ട്. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലെ മേൽകമ്മിറ്റി അവലോകന റിപ്പോർട്ടിലാണ് സ്വത്വ രാഷ്ട്രീയത്തെ മറികടക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ലെന്ന് തുറന്നു പറയുന്നത്. ജാതി,മത സംഘടനകളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒരു വശത്ത് ബി.ജെ.പിയും മറുവശത്ത് മുസ്ലിം ലീഗും സ്വത്വരാഷ്ട്രീയം സജീവമാക്കി ധ്രുവീകരണമുണ്ടാക്കി വോട്ട് ചേർത്തുന്നുവെന്നാണ് സിപിഎം വിലയിരുത്തുന്നത്. എസ്.എൻ.ഡി.പിക്കെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. എസ്എൻഡിപിയുടെ രാഷ്ട്രീയ നിലപാട് സംശയാസ്പദമാണെന്നും ഇത് തുറന്നുകാട്ടപ്പെടേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈഴവ വോട്ടുകളിൽ ബി.ജെ.പി. കടന്നുകയറുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലേക്ക് ചില മേഖലകളിൽനിന്ന് കാര്യമായ വോട്ടുചോർച്ചയുണ്ടായി. മുസ്ലിം സമൂഹത്തിനിടയിൽ എസ്.ഡി.പി.ഐയേയും ജമാഅത്തെ ഇസ്ലാമിയേയും ഒപ്പം ചേർത്ത് മുസ്ലിം ലീഗും സ്വത്വരാഷ്ട്രീയം ശക്തമാക്കുന്നതും പാർട്ടി ഗൗരവത്തോടെ കാണണമെന്ന് റിപ്പോർട്ട് പറയുന്നു.











