01:33pm 09 November 2026
NEWS
കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി; ‘കോ എയർ’ ഏപ്രിലിൽ പറന്നു തുടങ്ങും
27/07/2026  08:19 AM IST
nila
കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി; ‘കോ എയർ’ ഏപ്രിലിൽ പറന്നു തുടങ്ങും

കോഴിക്കോട്: സഹകരണ മേഖലയിലൂടെ കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി യാഥാർഥ്യമാക്കാനുള്ള നീക്കങ്ങൾ വേഗത്തിലാകുന്നു. 'കേരള സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് സഹകരണസംഘം ലിമിറ്റഡ്' എന്ന പേരിൽ രജിസ്ട്രേഷൻ നടപടികൾ വെള്ളിയാഴ്ച ആരംഭിക്കും. പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും, എല്ലാം അനുകൂലമായി മുന്നേറിയാൽ അടുത്ത വർഷം ഏപ്രിലോടെ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പദ്ധതിയുടെ മുഖ്യശിൽപിയും എം.വി.ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു.

സഹകരണസംഘത്തിന്റെ കീഴിൽ 'കോ എയർ' എന്ന പേരിൽ വിമാനക്കമ്പനി രൂപീകരിച്ച് വാടക വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്താനാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് വിജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാരിന്റെ അനുകൂല നിലപാടിനെ തുടർന്നാണ് രജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കുന്നത്. രജിസ്ട്രേഷൻ പൂർത്തിയായ ശേഷം സഹകരണസംഘത്തിന്റെ കീഴിൽ പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി തേടും.

കമ്പനിയുടെ ഓഹരികളിൽ 55 ശതമാനം സഹകരണസംഘം വഴിയും ബാക്കി പൊതുജനങ്ങളിൽ നിന്നുമാണ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി 200 സഹകരണസംഘങ്ങളിൽ നിന്ന് രണ്ടുകോടി രൂപ വീതം സമാഹരിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ രണ്ട് വിമാനങ്ങൾ വാടകയ്ക്കെടുത്ത് കേരളത്തിനകത്തും ബെംഗളൂരു, കോയമ്പത്തൂർ, മംഗളൂരു, ചെന്നൈ, മധുര എന്നിവിടങ്ങളിലേക്കും സർവീസ് നടത്തും.

ഇതിനുപുറമെ ചെറുവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, എയർ ആംബുലൻസുകൾ എന്നിവയും പാട്ടത്തിനെടുത്ത് സംസ്ഥാന സർക്കാരിനും ആരോഗ്യവകുപ്പിനും പോലീസിനും അഗ്നിരക്ഷാസേനയ്ക്കും അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള സംവിധാനവും ഒരുക്കും. പദ്ധതിയെക്കുറിച്ച് കേന്ദ്ര സിവിൽ വ്യോമയാനമന്ത്രി രാം മോഹൻ നായിഡുവുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലും അനുകൂല പ്രതികരണം ലഭിച്ചതായി സംഘം അറിയിച്ചു. വിമാനക്കമ്പനിക്കൊപ്പം ഒരു ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടും ആരംഭിക്കാനാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img