08:31pm 27 June 2026
NEWS
ഡി.സി.സി ട്രഷറുടെ ആത്മ​ഹത്യാകുറിപ്പിൽ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

06/01/2025  04:15 PM IST
nila
ഡി.സി.സി ട്രഷറുടെ ആത്മ​ഹത്യാകുറിപ്പിൽ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

കൽപ്പറ്റ: ഡി.സി.സി ട്രഷറുടെ ആത്മ​ഹത്യാകുറിപ്പിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ ​ഗുരുതര ആരോപണങ്ങൾ. വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാ കുറിപ്പും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എഴുതിയ കത്തുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.  ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻറേയും ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചന്റേയും ഉൾപ്പെടെയുള്ളവരുടെ പേരുകൾ എൻ.എം വിജയന്റെ കത്തിലുണ്ട്. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിയമനത്തിന് കോഴവാങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കുറിപ്പുകൾ. 

വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സുൽത്താൻ ബത്തേരി ബാങ്കിലെ നിയമന ക്രമക്കേട് ചർച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ആത്മഹത്യാ കുറിപ്പും കത്തും പുറത്തുവന്നിരിക്കുന്നത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹത്തിന് എത്ര സാമ്പത്തിക ബാധ്യത ഉണ്ടെന്നും അത് എങ്ങനെ സംഭവിച്ചു എന്നും വ്യക്തമാക്കുന്നുണ്ട്. അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടായെന്നും നിയമനവുമായി ബന്ധപ്പെട്ട് പല കോൺഗ്രസ് നേതാക്കളും പണം വാങ്ങിയെന്നും കെ. സുധാകരന് അയച്ച കത്തിലും പറയുന്നു. ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻറേയും ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചന്റേയും പേരുകളും എൻ.എം. വിജയൻ എഴുതിയ കത്തിലുണ്ട്.

നിയമനത്തിന്റെ പേരിൽ പലരിൽനിന്നും പണം വാങ്ങിയെന്നും ഇത് ഐ.സി ബാലകൃഷ്ണന് വേണ്ടിയാണെന്നും സൂചനകളുണ്ട്. അവസാനം, തന്നെ ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥ ഉണ്ടായെന്നും എല്ലാ ബാധ്യതകളും തനിക്ക് നേരെ മാത്രം വന്നെന്നും കെ.പി.സി.സി. പ്രസിഡന്റിന് അയച്ച കത്തിലുണ്ട്. ബത്തേരി കാർഷിക ബാങ്കിലും ബത്തേരി അർബൻ സഹകരണ ബാങ്കിലും നിയമനക്രമക്കേട് ഉണ്ടായെന്നും കത്തിൽ പറയുന്നു.

ബാങ്കിൽ നിയമനം നൽകാമെന്നുപറഞ്ഞ് പലരിൽനിന്നും പണം വാങ്ങിയെന്നും തൊഴിൽ നൽകാനായില്ലെന്നും ഇത് തനിക്ക് ബാധ്യത ഉണ്ടാക്കിയെന്നും കത്തിൽ പരാമർശമുണ്ട്. ഈ പണം തിരിച്ച് കൊടുക്കേണ്ടിവന്നത് ബാധ്യതയുണ്ടാക്കി. തന്റെ മക്കളെയെങ്കിലും രക്ഷിക്കാൻ കെപിസിസി നേതൃത്വം സഹായിക്കണം എന്നുപറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.പിതാവ് ആവശ്യപ്പെട്ട പ്രകാരം കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തെന്നും പാർട്ടി നേതൃത്വത്തിൽനിന്നും ഇടപെടൽ ഉണ്ടാവുമോ എന്നറിയാനാണ് പത്ത് ദിവസം കാത്തിരുന്നതെന്നും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് കത്ത് പുറത്തുവിടുന്നതെന്നും കുടുംബം അറിയിച്ചു.

എന്നാൽ, കത്തിലും കുറിപ്പിലും പറയുന്ന കാര്യങ്ങൾ ഐ.സി ബാലകൃഷ്ണൻ നിഷേധിക്കുകയാണ്. താൻ പണം വാങ്ങിയിട്ടില്ലെന്നാണ് എംഎൽഎയുടെ നിലപാട്. അന്വേഷണം നേരിടാൻ തയ്യാറാണെന്നും ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. ഇ.ഡി, വിജിലൻസ് ഉൾപ്പടെയുള്ള ഏജൻസികളുടെ അന്വേഷണം നടത്തട്ടേയെന്നായിരുന്നു ഐ.സി ബാലകൃഷ്ണന്റെ പ്രതികരണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img