04:24am 03 June 2026
NEWS


കനത്ത പരാജയത്തിന് കാരണം സി.പി.എമ്മിന്റെ നയങ്ങളും നേതാക്കളുടെ അഹന്ത നിറഞ്ഞ പെരുമാറ്റവുമെന്ന് കേരള കോൺ​ഗ്രസ് എം

02/06/2026  08:51 AM IST
nila
  കനത്ത പരാജയത്തിന് കാരണം സി.പി.എമ്മിന്റെ നയങ്ങളും നേതാക്കളുടെ അഹന്ത നിറഞ്ഞ പെരുമാറ്റവുമെന്ന് കേരള കോൺ​ഗ്രസ് എം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നിൽ പാർട്ടിയുടെ സംഘടനാപരമായ വീഴ്ചകൾക്കൊപ്പം സി.പി.എം നയങ്ങളും ചില നേതാക്കളുടെ പെരുമാറ്റവും കാരണമായതായി കേരള കോൺഗ്രസ് എം. കഴിഞ്ഞ ദിവസം ചേർന്ന ഹൈപവർ കമ്മിറ്റി യോഗത്തിലാണ് ഈ വിലയിരുത്തൽ. പാർട്ടി പുനഃസംഘടനയുടെ ഭാഗമായി സംഘടനാ തിരഞ്ഞെടുപ്പ് നടത്താനും യോഗം തീരുമാനിച്ചു.

ജനങ്ങളുമായി സൗഹൃദപരമായ ബന്ധം പുലർത്തിയ കെ.എം. മാണിയുടെ രാഷ്ട്രീയ ശൈലിയിൽ നിന്ന് വ്യത്യസ്തമായി, കഴിഞ്ഞ ഭരണകാലത്ത് ചില സി.പി.എം. നേതാക്കൾ അഹങ്കാരപരമായി പെരുമാറിയെന്നാണ് യോഗത്തിന്റെ വിമർശനം. ചില നേതാക്കളുടെ പ്രസ്താവനകളും പൊതുസമൂഹത്തിൽ പ്രതികൂല വികാരം സൃഷ്ടിച്ചുവെന്നും യോഗം അഭിപ്രായപ്പെട്ടു.

പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ മലയോര കർഷകരും വിവിധ ക്രിസ്ത്യൻ സഭകളും കഴിഞ്ഞ ഏതാനും വർഷങ്ങളായി അകന്നു നിൽക്കുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇവരിൽ പലരും യു.ഡി.എഫിനോട് അനുകൂല നിലപാട് സ്വീകരിച്ചതായും വിലയിരുത്തലിൽ പറയുന്നു.

ഈ അകൽച്ച കേരള കോൺഗ്രസ് എമ്മിന്റെ മാത്രം പിഴവല്ലെന്നും, സി.പി.എം. സ്വീകരിച്ച ചില നയങ്ങളും നേതാക്കളുടെ സമീപനവും പാർട്ടി അനുഭാവികളിൽ അസംതൃപ്തി വളർത്തിയതായും യോഗം വിലയിരുത്തി. യു.ഡി.എഫിനൊപ്പം തുടർന്നിരുന്നെങ്കിൽ നല്ലതായിരുന്നുവെന്ന അഭിപ്രായമുള്ള പ്രവർത്തകരുടെയും അനുഭാവികളുടെയും വികാരങ്ങൾ കേട്ട് മനസ്സിലാക്കാൻ പാർട്ടി നേതൃത്വം തയ്യാറാണെന്നും യോഗം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img