
ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മൂന്നാമൂഴം ലഭിച്ചാലും ഇല്ലെങ്കിലും പാലായിൽ ജോസ് കെ. മാണിക്ക് വീഴ്ച സംഭവിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ആ വീഴ്ച തന്നെയാകും പിളർപ്പുകളൊരുപാട് കണ്ട കേരളാ കോൺഗ്രസിനെ ഒരിക്കൽകൂടി പിളർപ്പിലേക്ക് നയിക്കാൻ പോകുന്നത്.
കേരളത്തിൽ യു.ഡി.എഫ് സംവിധാനം രൂപപ്പെടുത്തിയെടുക്കുന്നതിന് കെ. കരുണാകരനോടൊപ്പം തോൾ ചേർന്നു നിന്ന് പ്രവർത്തിച്ച വ്യക്തിയാണല്ലോ കെ.എം. മാണി. അതേ കെ.എം. മാണിയെ കോഴമാണി എന്നുവിളിക്കുകയും, അദ്ദേഹം നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ, സഭയുടെ അന്തസിന് ചേരാത്ത പ്രവർത്തികൾ അരങ്ങേറുകയും ചെയ്ത എൽ.ഡി.എഫുമായി സഹശയനം നടത്തുവാൻ മാണിയുടെ മകൻ ജോസ് കെ. മാണിക്ക് ഏതായാലും മതിയായ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നുള്ളതാണ് വാസ്തവം. തുടർഭരണത്തിനുവേണ്ടി മാണിയുടെ മകനെ എ.കെ.ജി. സെന്ററിലേക്ക് പരവതാനി വിരിച്ച് സ്വീകരിക്കുവാനും, കേരളാ കോൺഗ്രസിനെ സി.പി.ഐയുടെ പോലും എതിർപ്പ് അവഗണിച്ച് എൽ.ഡി.എഫിൽ ഘടകകക്ഷിയാക്കുവാനും സി.പി.എമ്മിന് രണ്ടാമതൊരാലോചന വേണ്ടിവന്നതുമില്ല.
അതുകൊണ്ടു പക്ഷേ കേരളാ കോൺഗ്രസ്-എമ്മിനുണ്ടായ നഷ്ടം വളരെ വലുതായിരുന്നു. അതിൽ പ്രധാനം പാർട്ടിക്ക് വളരെയേറെ വൈകാരികതയുള്ള പാലാ മണ്ഡലം നഷ്ടപ്പെട്ടു എന്നുള്ളതാണ്. ഏതാണ്ട് അരനൂറ്റാണ്ടിലേറെക്കാലം പാലാ മണ്ഡലത്തെ കെ.എം.മാണി ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്നുവെങ്കിൽ, പാല മാണിയേയും ചേർത്തുപിടിച്ചു. 1965 മുതൽ 2019 വരെ കെ.എം. മാണിയല്ലാതെ ഒരാൾ പാലായെ പ്രതിനിധീകരിച്ച് കേരള നിയമസഭയിൽ എത്തിയിട്ടില്ല. എന്നാൽ മാണിയുടെ മരണശേഷം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ ചേക്കേറിയ ജോസ് കെ. മാണിക്ക് പക്ഷേ പാലായെ ഒപ്പം നിർത്തുവാൻ കഴിഞ്ഞില്ല. 2021 ലെ തെരഞ്ഞെടുപ്പിൽ പാല നിലനിർത്തുക എന്നുള്ള ദൗത്യവുമായി അങ്കത്തിനിറങ്ങിയ ജോസ് കെ. മാണിക്ക് മാണി സി. കാപ്പന് മുന്നിൽ അടിയറവ് പറയേണ്ടി വന്നു.
അതിനുശേഷം 2024 ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ലോക്‌സഭാ മണ്ഡലവും കേരളാ കോൺഗ്രസ്- എമ്മിന് കൈമോശം വന്നു. 2009 ലും 19 ലും ജോസ് കെ. മാണിയും 2019 ൽ തോമസ് ചാഴിക്കാടനും കേരളാ കോൺഗ്രസ്- എമ്മിനോടൊപ്പം ചേർത്തുനിർത്തിയിരുന്ന കോട്ടയം, ജോസഫ് ഗ്രൂപ്പിൽപ്പെട്ട ഫ്രാൻസിസ് ജോർജ്ജിന് അടിയറ വച്ചപ്പോൾ, പാർട്ടിയുടെ ഈറ്റില്ലം തന്നെ കൈവിട്ട പ്രതീതിയാണുണ്ടായത്. അതിനുശേഷം അടുത്തകാലത്തുനടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ആ മേഖലകളിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
അപ്പോഴൊക്കെയും നഷ്ടം സംഭവിക്കാത്ത ഒറ്റവ്യക്തിയേ പാർട്ടിയിൽ ഉണ്ടായിരുന്നുള്ളൂ. എല്ലാ അർത്ഥത്തിലും മുന്നണി മാറ്റത്തിന്റെ ഗുണഭോക്താവ്. അത് ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിനായിരുന്നു. ജോസ് കെ. മാണി പരാജയപ്പെട്ടപ്പോൾ പിന്നെ മന്ത്രിയാകാൻ അവസരം കിട്ടിയത് റോഷിക്കായിരുന്നു.
ജോസ് കെ. മാണിയെ സംബന്ധിച്ചിടത്തോളം അതൊരു കനത്ത ആഘാതമായിരുന്നു. പാർട്ടി ചെയർമാൻ, രാജ്യസഭാംഗം എന്നീ പദവികളുണ്ടെങ്കിലും ഓർമ്മയായ കാലം മുതൽ കരിങ്ങോഴയ്ക്കൽ മുറ്റം കടന്നുവരുന്ന സ്റ്റേറ്റ് കാർ കണ്ടുവളർന്ന ജോസിന്, താനനുഭവിക്കേണ്ട ആ സൗഭാഗ്യം റോഷി അഗസ്റ്റിൻ ആസ്വദിക്കുന്നത് ഉൾക്കൊള്ളാനാവുന്ന കാര്യമല്ല. അതുകൊണ്ടും കോട്ടയവും പാലായുമൊക്കെ പാർട്ടിയെ കൈവിടുന്നതിനാലും, എല്ലാറ്റിലുമുപരി സഭാനേതൃത്വത്തിന്റെ താൽപ്പര്യത്താലും യു.ഡി.എഫിലേക്ക് മടങ്ങിപ്പോകുന്നതിനോടായിരുന്നു താൽപ്പര്യം. എന്നാൽ, ഇതിനകം പാർട്ടിയിലെ വലിയൊരു ശക്തികേന്ദ്രമായി മാറിയ റോഷി അഗസ്റ്റിന്റെ എതിർപ്പിന് മുന്നിൽ ഒരു പരിധിവരെ മുട്ടുമടക്കേണ്ടി വന്നു. എന്നുമാത്രമല്ല, ഒട്ടും സുരക്ഷിതമല്ല എന്നുറപ്പുള്ള പാലായിൽ തന്നെ, തന്നെ മത്സരിപ്പിക്കുവാനുള്ള റോഷിയുടെ കുശാഗ്രബുദ്ധിയും ജോസ് കെ. മാണി തിരിച്ചറിയുന്നുണ്ട്. പാലായിൽ തന്നെത്തന്നെ മത്സരിപ്പിച്ച് പരാജയത്തിന് വഴിയൊരുക്കിയാൽ, എൽ.ഡി.എഫാണ് അധികാരത്തിൽ വരുന്നതെങ്കിൽ തന്റെ മന്ത്രിസ്ഥാനം സുരക്ഷിതമാക്കാമെന്നാണ് റോഷിയുടെ കണക്കുകൂട്ടൽ.











