12:00am 13 November 2026
NEWS
13 സീറ്റെന്ന ആവശ്യത്തിലുറച്ച് ഉറച്ച് കേരള കോൺഗ്രസ് (എം); പാലായിൽ ജോസ് കെ. മാണി തന്നെ
12/02/2026  07:49 AM IST
nila
13 സീറ്റെന്ന ആവശ്യത്തിലുറച്ച് ഉറച്ച് കേരള കോൺഗ്രസ് (എം); പാലായിൽ ജോസ് കെ. മാണി തന്നെ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റുകളെന്ന ആവശ്യത്തിൽ കേരള കോൺ​ഗ്രസ് (എം) ഉറച്ചുനിൽക്കും. 2021ലെ തിരഞ്ഞെടുപ്പിൽ തന്നെ പാർട്ടിക്ക് 13 സീറ്റുകൾ ഇടതു മുന്നണി അനുവദിച്ചിരുന്നു എന്നതാണ് കേരള കോൺ​ഗ്രസ് (എം) ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, കുറ്റ്യാടിയിൽ പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ എതിർപ്പിനെ തുടർന്ന് ആ സീറ്റ് വിട്ടുകൊടുക്കുകയും 12 സീറ്റുകളിൽ മത്സരിച്ചതുമാണ്. അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ 13 സീറ്റെന്ന ആവശ്യം അംഗീകരിച്ചിരുന്ന സാഹചര്യത്തിൽ അതിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് പാർട്ടിയുടെ നിലപാട്.

കുറ്റ്യാടിയിൽ സ്ഥാനാർഥി പ്രചാരണം ആരംഭിച്ചശേഷം പ്രാദേശിക സി.പി.എം എതിർപ്പിനെ തുടർന്ന് കേരള കോൺ​ഗ്രസ് (എം) മത്സരരം​ഗത്ത് നിന്നും പിന്മാറുകയായിരുന്നു. ഇക്കുറി കുറ്റ്യാടി നിർബന്ധമല്ലെങ്കിലും പകരമായി പേരാമ്പ്ര, എലത്തൂർ, തിരുവമ്പാടി എന്നീ മണ്ഡലങ്ങളിൽ ഒന്ന് ആവശ്യപ്പെടാനാണ് തീരുമാനം. മധ്യകേരളത്തിലെ രാഷ്ട്രീയ സമവാക്യത്തിൽ കേരള കോൺഗ്രസ് (എം) നിർണായക ശക്തിയാണെന്നും, മുന്നണിയിലെ സി.പി.എം., സി.പി.ഐ. കക്ഷികൾക്ക് പാർട്ടിയെ അവഗണിക്കാനാകില്ലെന്നും നേതാക്കൾ വിലയിരുത്തുന്നു. നിലവിലെ എല്ലാ സിറ്റിങ് എം.എൽ.എമാരും വീണ്ടും മത്സരരംഗത്ത് ഇറങ്ങുമെന്നാണ് സൂചന.

പാലായിൽ ജോസ് കെ. മാണി തന്നെ സ്ഥാനാർഥി

പാലാ മണ്ഡലത്തിൽ ജോസ് കെ. മാണി തന്നെയാകും മത്സരിക്കുകയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഇടതുമുന്നണി ജാഥയുടെ പൊതുയോഗത്തിൽ ജോസ് കെ. മാണി നടത്തിയ പ്രസംഗത്തിൽ സിറ്റിങ് എം.എൽ.എ. മാണി സി. കാപ്പനെ ശക്തമായി വിമർശിച്ചിരുന്നു. റോഷിയുടെ പ്രസ്താവനയോട് പ്രതികരിച്ച ജോസ്, അത് ‘സ്‌നേഹക്കൂടുതൽ’ കൊണ്ടുണ്ടായ അഭിപ്രായമാണെന്നും സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം നേതൃത്വം എടുക്കുമെന്നും പറഞ്ഞു. എന്നാൽ പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത് നേതൃനിരയുടെ നിലപാടാണ് റോഷിയിലൂടെ പുറത്തുവന്നതെന്നാണ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img