07:23am 07 May 2026
NEWS
കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണം? കോൺ​ഗ്രസ് എംഎൽഎമാരുടെ മനസുചോദ്യം ഇന്ന്
07/05/2026  06:16 AM IST
nila
കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണം? കോൺ​ഗ്രസ് എംഎൽഎമാരുടെ മനസുചോദ്യം ഇന്ന്

തിരുവനന്തപുരം: കേരളത്തിന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നീക്കങ്ങൾ നിർണായക ഘട്ടത്തിലേക്ക്. കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ തിരുവനന്തപുരത്തെത്തി. മുതിർന്ന നേതാക്കളായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരാണ് എം.എൽ.എമാരുടെ നിലപാട് മനസ്സിലാക്കുന്നതിനായി കേരളത്തിലെത്തിയത്. കോൺ​ഗ്രസ് എംഎൽഎമാരുടെ പിന്തുണ ആർക്കാണ് എന്ന് മനസ്സിലാക്കുകയാണ് നിരീക്ഷകരുടെ പ്രധാന ദൗത്യം. 

ഇന്നു രാവിലെ കെ.പി.സി.സി. ആസ്ഥാനത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എം.എൽ.എമാരുടെ യോഗം നടക്കും. യോഗത്തിന് ശേഷം ഓരോ എം.എൽ.എമാർക്കും നിരീക്ഷകരുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്താനുള്ള അവസരമുണ്ടാകും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അന്തിമ അധികാരം കോൺഗ്രസ് പ്രസിഡന്റിന് നൽകുന്ന പ്രമേയവും യോഗത്തിൽ പാസാക്കാനാണ് തീരുമാനം.

എം.എൽ.എമാരുടെ അഭിപ്രായം നിർണായകമാണെങ്കിലും, അതൊന്നുമാത്രമാവില്ല ഹൈക്കമാൻഡിന്റെ തീരുമാനത്തിന് അടിസ്ഥാനം. പൊതുജനങ്ങളുടെ സ്വീകാര്യത, മുന്നണി കക്ഷികളുമായുള്ള ബന്ധം, ഭരണപരിചയം, നേതൃത്വം കൈകാര്യം ചെയ്യാനുള്ള കഴിവ് തുടങ്ങിയ വിവിധ ഘടകങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ സി വേണു​ഗോപാൽ എന്നിവരാണ് മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് പ്രധാനമായും രം​ഗത്തുള്ളത്. എം.എൽ.എമാരുടെ അഭിപ്രായ ശേഖരണം നിരീക്ഷകരുടെ മാത്രം സാന്നിധ്യത്തിലാകണമെന്ന് വി.ഡി. സതീശൻ പക്ഷം ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം. 

ദീപ ദാസ്മുൻഷിക്ക് കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധമുണ്ടെന്നാണ് സതീശൻ പക്ഷത്തിന്റെ ആരോപണം. എം.എൽ.എമാർക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ അവസരം ലഭിച്ചാൽ ഭൂരിപക്ഷ പിന്തുണ വി.ഡി. സതീശനു ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ അനുയായികൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img