
തിരുവനന്തപുരം: മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മർദനമേറ്റതാണോ കേരള കോൺഗ്രസ് (സ്കറിയ) നേതാവ് കോരാണി സനിലിന്റെ മരണത്തിലേക്ക് നയിച്ചതെന്ന സംശയത്തിൽ മകൻ ബാലഗോപാൽ (34) അറസ്റ്റിൽ. പോസ്റ്റ്മോർട്ടത്തിൽ മർദനത്തെ തുടർന്നുണ്ടായ ഗുരുതര പരുക്കുകളാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെയാണ് ആറ്റിങ്ങൽ പൊലീസ് നടപടി സ്വീകരിച്ചത്.
ആറ്റിങ്ങൽ ഇടയ്ക്കോട് സതീഷ് സദനത്തിൽ കോരാണി സനിൽ (65) ഇന്നലെ രാവിലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ചയിലേറെയായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ആറ്റിങ്ങൽ പാലസ് റോഡിലെ ശ്രീലക്ഷ്മി എന്ന വാടകവീട്ടിലായിരുന്നു സനിലും മകൻ ബാലഗോപാലും താമസിച്ചിരുന്നത്. ഒരാഴ്ച മുൻപ് വീട്ടിൽ അബോധാവസ്ഥയിൽ കിടക്കുന്ന സനിലിനെ ജോലിക്കാരി കണ്ടെത്തുകയായിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ സനിലിനെ ആശുപത്രിയിൽ എത്തിച്ചു. താമസസ്ഥലത്ത് വീണ് പരുക്കേറ്റതാണെന്നാണ് അന്ന് ആശുപത്രിയിൽ അറിയിച്ചിരുന്നത്.
എന്നാൽ സംഭവത്തിൽ സംശയം തോന്നിയ സനിൽ അംഗമായിരുന്ന ഹോട്ടൽ അസോസിയേഷൻ പ്രവർത്തകർ പൊലീസിനെ സമീപിച്ചു. തുടർന്ന് അന്വേഷണം നടത്തിയ ആറ്റിങ്ങൽ പൊലീസ് ജോലിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.
ആശുപത്രിയിൽ സനിലിനൊപ്പം മകൻ ബാലഗോപാലായിരുന്നു ഉണ്ടായിരുന്നത്. സനിലിന്റെ മരണവിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ പൊലീസ് ബാലഗോപാലിനെ കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം പരിശോധനയിൽ മർദനവുമായി ബന്ധപ്പെട്ട പരുക്കുകളാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തി.
തലയുടെ വലതുഭാഗത്ത് ഗുരുതരമായ പരുക്കുണ്ടായിരുന്നതായും അഞ്ച് വാരിയെല്ലുകൾ ഒടിഞ്ഞതായും കഴുത്തിലും പരുക്കുകളുണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു.
മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അറസ്റ്റിലായ ബാലഗോപാലിനെ താമസസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









