
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മൂന്നാഴ്ച ബാക്കിയുണ്ടെങ്കിലും, കോൺഗ്രസിൽ മുഖ്യമന്ത്രിയാര് എന്ന ചർച്ചകൾ സജീവം. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ കോൺഗ്രസിൽ ആദ്യം ഉടലെടുക്കുന്ന തർക്കം മുഖ്യമന്ത്രിയാര് എന്ന കാര്യത്തിലാണ്. മുഖ്യമന്ത്രി കസേര ഇനിയും ഉറപ്പായിട്ടില്ലെങ്കിലും കോൺഗ്രസുകാരോട് ആരാണ് അടുത്ത മുഖ്യമന്ത്രി എന്ന് ചോദിച്ചാൽ രണ്ടേരണ്ട് അക്ഷരമാണ് അവർ പറയുക. ചിലർ വി.ഡി എന്ന് പറയുമ്പോൾ മറ്റു ചിലർ ആർ.സി എന്നുപറയും. കെ.സി എന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം. വി.ഡി എന്നാൽ വി.ഡി സതീശനും, ആർ.സി എന്നാൽ രമേശ് ചെന്നിത്തലയും, കെ.സി എന്നാൽ കെ.സി വേണുഗോപാലുമാണ്. അരഡസനിലേറെ മുഖ്യമന്ത്രി മോഹികളിൽ നിന്നും മൂന്നു നേതാക്കളിലേക്കെത്തി എന്ന് ആശ്വാസം കൊള്ളുന്ന കോൺഗ്രസുകാരും കുറവല്ല.
സോഷ്യൽ മീഡിയകളിലൂടെയാണ് വിവിധ നേതാക്കളുടെ അനുകൂലികൾ അവരുടെ പക്ഷത്തിന് പിന്തുണ നേടാൻ സജീവമായിരിക്കുന്നത്. ഹൈക്കമാൻഡ് ഇത്തരം പൊതു ചർച്ചകൾ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും, നേതാക്കളുടെ പ്രസ്താവനകളിലെ സൂചനകൾ ഈ വിഷയത്തെ വീണ്ടും മുന്നിലെത്തിക്കുകയാണ്.
എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് വോട്ടെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി ആരെന്ന ചർച്ചകൾക്ക് തുടക്കമിട്ടത്. എറണാകുളം ജില്ലയിൽ നിന്നുള്ള നേതാവാണ് മുഖ്യമന്ത്രിയാകേണ്ടതെന്നായിരുന്നു ഷിയാസിന്റെ പ്രതികരണം. എം.എൽ.എ അല്ലാത്ത ഒരാൾക്കും മുഖ്യമന്ത്രിയാകാമെന്ന തരത്തിലുള്ള കെ.പി.സി.സി. പ്രസിഡന്റിന്റെ പ്രതികരണം സാധ്യതകൾക്ക് പുതിയ ദിശ നൽകി. എന്നാൽ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇത്തരം വിവാദങ്ങളിൽ നേരിട്ട് ഇടപെടാതെ, പാർട്ടി നടപടിക്രമങ്ങൾക്കാണ് മുൻഗണനയെന്നാണ് വ്യക്തമാക്കുന്നത്.
മുമ്പ് കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി എന്നിവർ നേതൃത്വം നൽകിയിരുന്ന കാലത്ത് അധികാരം ലഭിച്ചാൽ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. സ്ഥാനാർഥി നിർണയം ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്നിട്ടില്ലാത്തതിനാൽ പഴയ രീതിയിലുള്ള സമ്മർദ്ദ രാഷ്ട്രീയത്തിന് സാധ്യത കുറവാണ്. എന്നിരുന്നാലും എം.എൽ.എ.മാരുടെ അഭിപ്രായം പരിഗണിച്ചായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുക.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന സാധ്യതകളിൽ മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. യു.ഡി.എഫിനെ വിജയത്തിലേക്ക് നയിച്ചാൽ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് അംഗീകാരം ലഭിച്ചുവെന്ന വിലയിരുത്തലുണ്ടാകും. അതേസമയം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സീനിയോറിറ്റിയും പരിഗണനയിൽ തുടരും, പ്രത്യേകിച്ച് ഭൂരിപക്ഷം കുറവായിരിക്കുകയാണെങ്കിൽ.
കൂടാതെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരും സജീവ ചർച്ചയിലാണ്. ദേശീയതലത്തിലെ രാഷ്ട്രീയ മാറ്റങ്ങൾ പരിഗണിച്ച് ഹൈക്കമാൻഡ് അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തിക്കാനുള്ള സാധ്യതയും വിലയിരുത്തപ്പെടുന്നു. എം.എൽ.എ. അല്ലാത്തവരും മുഖ്യമന്ത്രിയായിട്ടുള്ള ഉദാഹരണങ്ങൾ മുൻകാലത്ത് കോൺഗ്രസിലും സി.പി.എമ്മിലുമുണ്ടെന്നത് ഈ ചർച്ചകൾക്ക് കൂടുതൽ ബലം നൽകുന്നു.











