05:48pm 05 September 2026
NEWS
കോട്ടയം സർക്കാർ നഴ്സിം​ഗ് കോളജിൽ റാഗിംഗ് നടത്തിയ അഞ്ച് പേരുടെയും തുടർപഠനം തടയുമെന്ന് നഴ്സിംഗ് കൗൺസിൽ

15/02/2025  03:24 PM IST
nila
കോട്ടയം സർക്കാർ നഴ്സിം​ഗ് കോളജിൽ റാഗിംഗ് നടത്തിയ അഞ്ച് പേരുടെയും തുടർപഠനം തടയുമെന്ന് നഴ്സിംഗ് കൗൺസിൽ

കോട്ടയം ഗാന്ധിനഗർ സർക്കാർ നഴ്സിങ് കോളജിലെ റാഗിങ്ങിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥികളുടെ തുടർപഠനം തടയുമെന്ന് നഴ്സിങ് കൗൺസിൽ. ഇക്കാര്യം കോളജ് അധികൃതരെ അറിയിക്കാനും കൗൺസിൽ യോ​ഗത്തിൽ തീരുമാനമായി. കോട്ടയം സർക്കാർ നഴ്സിം​ഗ് കോളജിലെ റാ​ഗിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് നഴ്സിം​ഗ് കൗൺസിൽ പ്രതികളുടെ തുടർപഠനം വിലക്കിയത്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 

അതേസമയം, ഹോസ്റ്റലിൽ ക്രൂരമായ റാഗിങ് നടക്കുമ്പോൾ ഹൗസ് കീപ്പർ കം സെക്യൂരിറ്റി ഹോസ്റ്റലിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. വിദ്യാർ‌ഥികളിൽ ഒരാൾ വിവരം സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഇടപെട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ റാഗിങ് നടന്നത് അറിഞ്ഞില്ലെന്നും കുട്ടികൾ നിലവിളിക്കുന്നതു കേട്ടില്ലെന്നുമാണ് ഹൗസ് കീപ്പർ കം സെക്യൂരിറ്റി മൊഴി നൽകിയത്. ഇതിൽ പൊലീസിനു സംശയമുണ്ട്. 

റാഗിങ് നടന്ന മുറിയിൽനിന്നും കത്തിയും കോമ്പസും ഡംബലും കരിങ്കൽ കഷണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. റാഗിങ്ങിനെതിരെ 4 വിദ്യാർഥികൾ കൂടി കോളജിന്റെ ആന്റി റാഗിങ് സെല്ലിൽ പരാതി നൽകി. ഇതിൽ ഒരാൾ പൊലീസിനും പരാതി നൽകിയിട്ടുണ്ട്. സീനിയർ വിദ്യാർഥികൾ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഫെബ്രുവരി 10നു രാത്രി 11നു ശേഷമായിരുന്നു പീഡനം. റാഗിങ്ങിന് വിധേയനായ ലിബിൻ നൽകിയ പരാതിയിൽ അറസ്റ്റിലായ കേരള ഗവ.സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി കെ.പി.രാഹുൽ രാജ്, സാമുവൽ ജോൺസൺ, എൻ.എസ്.ജീവ, സി.റിജിൽ ജിത്ത്, എൻ.വി.വിവേക് എന്നിവരാണ് നേതൃത്വം നൽകിയത്. സീനിയേഴ്സ് ആവശ്യപ്പെട്ട പണം നൽകാത്തതിനെത്തുടർന്ന് അജിത്ത്, ദിലീപ്, ആദർശ്, അരുൺ എന്നിവരാണ് റാഗ് ചെയ്യപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img