04:28am 13 October 2026
NEWS
വിവാദ നിയമനം: കോൺ​ഗ്രസ് നേതാവ് ബി.ആർ.എം. ഷഫീറിന്റെ ഭാര്യ സീമാറ്റിലെ ജോലി രാജിവച്ചു
12/10/2026  09:21 AM IST
nila
വിവാദ നിയമനം: കോൺ​ഗ്രസ് നേതാവ് ബി.ആർ.എം. ഷഫീറിന്റെ ഭാര്യ സീമാറ്റിലെ ജോലി രാജിവച്ചു

തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ സീമാറ്റിലെ റിസർച്ച് ഓഫീസർ പദവി രാജിവച്ചു. കരാർ അടിസ്ഥാനത്തിൽ ലഭിച്ച ജോലി ഉപേക്ഷിച്ചുകൊണ്ടുള്ള രാജിക്കത്ത് വെള്ളിയാഴ്ച സ്ഥാപന മേധാവിക്ക് കൈമാറി. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനൽ മാനേജ്മെന്റ് ആൻഡ് അഡ്മിനിസ്ട്രേഷൻ (സീമാറ്റ്) സ്ഥാപനത്തിലായിരുന്നു നിയമനം.

അപേക്ഷ ക്ഷണിക്കുകയോ അഭിമുഖം നടത്തുകയോ ചെയ്യാതെ ബയോഡേറ്റയുടെ അടിസ്ഥാനത്തിൽ ഷാനിക്ക് ജോലി നൽകിയെന്ന ആരോപണമാണ് നിയമനം വിവാദത്തിലാക്കിയത്. ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമായതിനാലാണ് വിജ്ഞാപനം പുറപ്പെടുവിക്കാതിരുന്നതെന്ന് സീമാറ്റ് ഡയറക്ടർ ആർ. അരുൺകുമാർ നേരത്തേ വ്യക്തമാക്കിയിരുന്നു. മറ്റ് ബയോഡേറ്റകൾ ലഭിച്ചിരുന്നില്ലെന്നും എം.എ. ഇംഗ്ലിഷും എംഫിലും യോഗ്യതയുള്ള ഷാനിയുടെ മുൻ അധ്യാപനപരിചയം കൂടി കണക്കിലെടുത്താണ് നിയമനം നൽകിയതെന്നുമായിരുന്നു വിശദീകരണം.

കഴിഞ്ഞ സർക്കാരിന്റെ കാലത്തും അപേക്ഷ ക്ഷണിക്കാതെയും അഭിമുഖം നടത്താതെയും സീമാറ്റിൽ ചിലർക്ക് നിയമനം ലഭിച്ചിട്ടുണ്ടെന്നും ഇവരിൽ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭാര്യയും ജില്ലാ കമ്മിറ്റി അംഗത്തിന്റെ അടുത്ത ബന്ധുവും ഉൾപ്പെടുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.

അതേസമയം, തന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബി.ആർ.എം. ഷഫീർ രംഗത്തെത്തി. കോൺഗ്രസ് പ്രസ്ഥാനത്തിനും പ്രവർത്തകർക്കും തലകുനിക്കേണ്ട സാഹചര്യം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മന്ത്രിയുടെ സ്റ്റാഫിൽ ഭാര്യയ്ക്ക് ജോലി ലഭിക്കാൻ പാർട്ടിക്കും നേതാക്കൾക്കും സഹായിക്കാമായിരുന്നെങ്കിലും പാർട്ടിക്കുവേണ്ടി ജീവൻവരെ ത്യജിക്കാൻ തയാറായി പോരാടിയവർക്കാണ് അത്തരം അവസരങ്ങൾ ലഭിക്കേണ്ടതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

കെപിസിസി ജനറൽ സെക്രട്ടറിയും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ളയാളുമായ ഭാര്യയ്ക്ക് ദിവസം 1,200 രൂപ വേതനത്തിൽ കരാർ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം കോൺഗ്രസ് പ്രവർത്തകർക്ക് മനസ്സിലാകുമെന്നും ഷഫീർ പറഞ്ഞു. മുൻപ് ഒരുമിച്ച് ജോലി ചെയ്തിരുന്നവരിൽ നിന്നാണ് സീമാറ്റിലെ ഒഴിവിനെക്കുറിച്ച് ഷാനി അറിഞ്ഞത്. കേരള സർവകലാശാല ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അനുഭവവും നിയമനത്തിന് പരിഗണിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img