
കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ തുടരുന്ന അനിശ്ചിതത്വം കോൺഗ്രസ് ക്യാമ്പിൽ കടുത്ത പ്രതിഷേധം. തീരുമാനം പത്താം ദിവസത്തിലേക്ക് നീണ്ടതോടെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം വിവിധ ഭാഗങ്ങളിൽ ശക്തമാകുകയാണ്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയർത്തി പ്രവർത്തകർ രംഗത്തെത്തിയതോടെ നേതാക്കളും സമ്മർദത്തിലായി.
പെരുമ്പാവൂർ മുടിക്കല്ലിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ ബെന്നി ബെഹനാൻ എം.പി.യെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എം.പി.യുടെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സതീശനെ മുഖ്യമന്ത്രിയാക്കാത്ത പക്ഷം സംസ്ഥാനവ്യാപക പ്രതിഷേധങ്ങൾ ഉണ്ടാകാമെന്ന മുന്നറിയിപ്പും പ്രവർത്തകർ നൽകി.
മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലും പ്രവർത്തകരുടെ അതൃപ്തി പ്രകടമാണ്. “നേതൃത്വമേ, ഞങ്ങൾ തലതാഴ്ത്തിയാണ് നടക്കുന്നത്” എന്ന തരത്തിലുള്ള കുറിപ്പുകളും പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ജനപിന്തുണ തങ്ങൾക്കൊപ്പമാണെന്നാണ് വി.ഡി. സതീശൻ അനുകൂലികളുടെ വിലയിരുത്തൽ. മുസ്ലിം ലീഗിന്റെ പിന്തുണയും ഭൂരിഭാഗം കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണയും ലഭ്യമാണെന്നാണ് അവർ അവകാശപ്പെടുന്നത്. നിലവിൽ ആലുവയിലെ വസതിയിലുള്ള വി ഡി സതീശൻ ഉടൻ തന്നെ തന്റെ മണ്ഡലമായ പറവൂരിലേക്ക് പോകുമെന്നാണ് സൂചന. മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകർ.










