01:59am 18 July 2026
NEWS
ടാറ്റ കപ്പൽശാല വിവാദം: 10,000 കോടി നിക്ഷേപ പരാമർശത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ
17/07/2026  05:30 PM IST
nila
ടാറ്റ കപ്പൽശാല വിവാദം: 10,000 കോടി നിക്ഷേപ പരാമർശത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപത്തോടെ ടാറ്റ ഗ്രൂപ്പ് കപ്പൽ നിർമാണശാല ആരംഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പരാമർശം വിവാദമായതിനെ തുടർന്ന് സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ഉദ്ദേശിച്ചത് ഒരു കമ്പനിയുടെ നിക്ഷേപമല്ലെന്നും, വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയെയാണെന്നും പിആർഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഒരു സ്ഥാപനവുമായി 10,000 കോടി രൂപയുടെ നിക്ഷേപ കരാർ അന്തിമമായെന്ന തരത്തിൽ മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും സർക്കാർ വിശദീകരിച്ചു. അതേസമയം, മലബാർ സിമന്റ്സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എൻജിനീയറിങ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്ന സംയുക്ത പദ്ധതിക്ക് സർക്കാർ ആവശ്യമായ പിന്തുണ നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

പദ്ധതിക്കാവശ്യമായ പ്രധാന അനുമതികൾ ലഭിച്ചുകഴിഞ്ഞതായും, കൊച്ചിൻ പോർട്ട് അതോറിറ്റി ഭൂമി അനുവദിച്ച് പ്രാഥമിക വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതായും സർക്കാർ വ്യക്തമാക്കി. കേരളത്തിൽ ആധുനിക ഷിപ്പ് ബിൽഡിങ് എക്കോസിസ്റ്റം രൂപപ്പെടുത്തുന്നതിനുള്ള നിർണായക നീക്കമായാണ് ഈ സംരംഭത്തെ സർക്കാർ വിലയിരുത്തുന്നത്.

2025-ൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ മലബാർ സിമന്റ്സും ആർട്സൺ എൻജിനീയറിങ്ങും ചേർന്ന് 500 കോടി രൂപയുടെ നിക്ഷേപത്തിൽ 100 ടണ്ണിൽ താഴെയുള്ള ബോട്ടുകൾ നിർമിക്കുന്ന കേന്ദ്രം സ്ഥാപിക്കാൻ ധാരണാപത്രം ഒപ്പുവെച്ചിരുന്നതായും സർക്കാർ ഓർമ്മിപ്പിച്ചു.

മുഖ്യമന്ത്രി പരാമർശിച്ച 'മിഷൻ സമുദ്ര' കേരളത്തെ രാജ്യത്തെ പ്രമുഖ സമുദ്ര വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്ര വികസന പദ്ധതിയാണെന്നും സർക്കാർ വ്യക്തമാക്കി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം, കൊച്ചിൻ ഷിപ്പ്യാർഡ് എന്നിവയെ കേന്ദ്രീകരിച്ച് കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ, മറൈൻ എൻജിനീയറിങ്, ലോജിസ്റ്റിക്സ്, മാരിടൈം സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപം ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഈ മേഖലകളിൽ രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ നിക്ഷേപകരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഓരോ പദ്ധതിയും അന്തിമഘട്ടത്തിലെത്തുന്ന മുറയ്ക്ക് ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തുമെന്നും സർക്കാർ അറിയിച്ചു. തൊഴിലവസരങ്ങളും വ്യവസായ വളർച്ചയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന മിഷൻ സമുദ്ര യാഥാർഥ്യത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്നും സർക്കാർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img