
തിരുവനന്തപുരം: കേരള റോഡ് ഫണ്ട് ബോർഡ്, വിനോദസഞ്ചാര വകുപ്പ്, റീബിൽഡ് കേരള എന്നിവയുടെ പദ്ധതി ആസൂത്രണത്തിലും നിർവഹണത്തിലും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. കരാറുകൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും ആവശ്യമായ പഠനങ്ങൾ നടത്താതെ പദ്ധതികൾ നടപ്പാക്കിയതും പൊതുപണം പാഴാകുന്നതിനും സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകുന്നതിനും കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കേരള റോഡ് ഫണ്ട് ബോർഡിന്റെ കരാറുകൾ പൂർത്തിയാക്കുന്നതിലെ കാലതാമസം മൂലം 21.33 കോടി രൂപയുടെ അധിക ചെലവുണ്ടായതായാണ് കണ്ടെത്തൽ. ആലപ്പുഴ–ചങ്ങനാശ്ശേരി റോഡിന്റെ നിലവാരമുയർത്തൽ പദ്ധതിയിലും ഗുരുതരമായ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലങ്ങളുടെ വീതി കൂട്ടുന്നതിനായി മതിയായ സാങ്കേതിക ന്യായീകരണം തേടാതെയും ചെലവുകൾ താരതമ്യം ചെയ്യാതെയും രൂപകൽപനയിൽ മാറ്റം വരുത്തിയെന്നാണ് പ്രധാന കണ്ടെത്തൽ. ഇതിലൂടെ കരാറുകാരന് വലിയ സാമ്പത്തിക നേട്ടമുണ്ടായതായും റിപ്പോർട്ട് പറയുന്നു.
പദ്ധതിയുടെ പ്രവൃത്തികൾ ആരംഭിക്കുന്നതിന് ഏകദേശം മൂന്ന് വർഷം മുൻപുതന്നെ തുക അനുവദിച്ചതിലൂടെ കരാറുകാരന് 39.27 കോടി രൂപയുടെ അനർഹമായ ആനുകൂല്യവും അധിക സാമ്പത്തിക നേട്ടവും ലഭിച്ചതായും സിഎജി ചൂണ്ടിക്കാട്ടുന്നു.
വിനോദസഞ്ചാര മേഖലയിലെ പദ്ധതികളുടെ നടത്തിപ്പിലും വീഴ്ചകൾ വ്യക്തമാണ്. ഏകദേശം 51 ലക്ഷം രൂപ ചെലവഴിച്ച പയ്യാമ്പലം അഡ്വഞ്ചർ പാർക്ക് പദ്ധതി ഇതുവരെ പൂർത്തിയായിട്ടില്ല. വള്ളിയൂർകാവിൽ 4.78 കോടി രൂപ ചെലവഴിച്ച് നിർമിച്ച എക്സിബിഷൻ സ്പേസ് ഉപയോഗിക്കാതെ കിടക്കുന്നതായും റിപ്പോർട്ടിലുണ്ട്. ആവശ്യമായ സാധ്യതാപഠനങ്ങൾ നടത്താതെ പദ്ധതികൾ പ്രഖ്യാപിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്തതാണ് ഇത്തരം നഷ്ടങ്ങൾക്ക് വഴിവെച്ചത്.
അപ്രോച്ച് റോഡുകളും പാലങ്ങളും ഒരുക്കാതെയും ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാതെയും ആരംഭിച്ച ചില പദ്ധതികൾ ലക്ഷ്യം കണ്ടില്ല. ബോട്ട് ജെട്ടികളുടെ നിർമാണത്തിലും സാമ്പത്തിക നഷ്ടമുണ്ടായി. നിർമാണം പൂർത്തിയാക്കിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൃത്യമായ പരിപാലനം ഉറപ്പാക്കാത്തതിനാൽ പലതും കാടുപിടിച്ച നിലയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നികുതി ഇടപാടുകളിലെ വീഴ്ചകളും കേരള റോഡ് ഫണ്ട് ബോർഡിന് അധിക ബാധ്യതയുണ്ടാക്കി. ചരക്ക് സേവന നികുതി (ജിഎസ്ടി) റിട്ടേണുകൾ സമർപ്പിക്കുന്നതിലെ കാലതാമസവും കൃത്യതക്കുറവും കാരണം പലിശയും പിഴപ്പലിശയും ഉൾപ്പെടെ രണ്ട് കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടായി. കരാറുകാർക്ക് അനധികൃതമായി തുക അനുവദിച്ചതും സർക്കാർ തലത്തിൽ ഫലപ്രദമായ ഇടപെടൽ ഉണ്ടാകാതിരുന്നതും ഖജനാവിന് നഷ്ടമുണ്ടാക്കിയതായി സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.










