
തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെ കോൺഗ്രസിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമായി. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമതീരുമാനമായിട്ടില്ല. 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുൾപ്പെടെ 11 മന്ത്രിമാരും സ്പീക്കർ പദവിയും കോൺഗ്രസിനായിരിക്കും ലഭിക്കുക.
മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷമായിരിക്കും മന്ത്രിമാരുടെ പട്ടിക തീരുമാനിക്കുകയെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിസ്ഥാന മത്സരത്തിൽ അവസാനഘട്ടത്തിൽ പിൻതള്ളപ്പെട്ട എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, തന്റെ അനുകൂലികൾക്ക് മന്ത്രിസ്ഥാനം ഉറപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം, മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ടിരുന്ന രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരുമോയെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്നത് അദ്ദേഹത്തിന്റെ അതൃപ്തിയുടെ സൂചനയായിട്ടാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.മുരളീധരൻ എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എൻ.ശക്തൻ, പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം.ലിജു, ചാണ്ടി ഉമ്മൻ, വി.ടി.ബലറാം, എ.പി.അനിൽകുമാർ, ടി.സിദ്ദിഖ്, കെ.ജയന്ത് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇതിൽ ഒരാൾ സ്പീക്കറാകും.
ലീഗിൽനിന്ന് പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി, കെ.എം.ഷാജി, പാറയ്ക്കൽ അബ്ദുല്ല, വി.ഇ.അബ്ദുൽ ഗഫൂർ, എ.കെ.എം.അഷ്‌റഫ്, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവരാണ് പരിഗണിക്കപ്പെടുന്നത്. കേരള കോൺഗ്രസ് 2 മന്ത്രിമാരെ ചോദിക്കുമെങ്കിലും ഒരു മന്ത്രി സ്ഥാനത്തിനും ഡപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ് സ്ഥാനത്തിനുമാകും സാധ്യത. മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ് എന്നിവർക്കാണു സാധ്യത. ആർഎസ്പിയിലെ ഷിബു ബേബി ജോണും കേരള കോൺഗ്രസിലെ (ജേക്കബ്) അനൂപ് ജേക്കബും മന്ത്രിമാരാകും. മറ്റു കക്ഷികളിൽ നിന്ന് സി.പി.ജോൺ, മാണി സി.കാപ്പൻ എന്നിവർ മന്ത്രിമാരായേക്കും.










