06:54pm 17 May 2026
NEWS
യുഡിഎഫ് മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി
17/05/2026  01:40 PM IST
nila
യുഡിഎഫ് മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി

തിരുവനന്തപുരം: വി.ഡി സതീശൻ മന്ത്രിസഭയിലെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലേക്ക്. ആഭ്യന്തരവും വിജിലൻസും ഉൾപ്പെടെയുള്ള നിർണായക വകുപ്പുകൾ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയായ വി ഡി സതീശൻ ധനകാര്യവും തുറമുഖ വകുപ്പുകളും നേരിട്ട് കൈകാര്യം ചെയ്യാനാണ് സാധ്യത. കുണ്ടറയിൽ നിന്ന് വിജയിച്ച പി സി വിഷ്ണുനാഥ് വൈദ്യുതി മന്ത്രിയായേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് വ്യവസായ-ഐ.ടി. വകുപ്പുകൾ ലഭിക്കാനിടയുണ്ട്.

കൊല്ലം മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തെത്തിയ ബിന്ദു കൃഷ്ണയെ സാമൂഹിക ക്ഷേമ-വനിതാ ശിശു വികസന മന്ത്രിയായും കെ. മുരളീധരനെ ആരോഗ്യ വകുപ്പ് മന്ത്രിയായും പരിഗണിക്കാനിടയുണ്ട്. എക്‌സൈസ് വകുപ്പ് എം. ലിജുവിനും ഗതാഗത വകുപ്പ് സി.പി. ജോണിനും ലഭിച്ചേക്കും. റവന്യൂ മന്ത്രിയായി സണ്ണി ജോസഫും ടൂറിസം മന്ത്രിയായി എ.പി. അനിൽകുമാറും വരാനിടയുണ്ട്. ഷിബു ബേബി ജോൺ തൊഴിൽ വകുപ്പ് മന്ത്രിയായേക്കും. സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങുന്നില്ലെന്നാണ് വിവരം. ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും പരിഗണിക്കുന്നുണ്ട്.

മന്ത്രിമാരുടെ ചർച്ചകൾക്കൊപ്പം വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾകൂടി കെ.പി.സി.സി. ആസ്ഥാനത്ത് തുടരുകയാണ്. അനൂപ് ജേക്കബിനും മാണി സി. കാപ്പനും ടേം വ്യവസ്ഥയിലായിരിക്കും മന്ത്രിസ്ഥാനങ്ങൾ നൽകുക. ഇതിൽ ഇരുവരും അതൃപ്തി അറിയിച്ചിട്ടുണ്ടെങ്കിലും തീരുമാനം മാറാനിടയില്ല. ലീഗ് മന്ത്രിമാരിൽ എ.കെ.എം. അഷ്‌റഫിനും വി.ഇ. അബ്ദുൽ ഗഫൂറിനും ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനങ്ങൾ നൽകുമെന്ന സൂചനയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img