
തിരുവനന്തപുരം: യു.ഡി.എഫ് വൻ വിജയം നേടിയതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കൂടിയാലോചനകളും സജീവം. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് മുന്നണിക്കുള്ളിൽ പ്രാഥമിക ധാരണകളായി എന്നാണ് സൂചന. 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാർ കോൺഗ്രസിൽ നിന്നായിരിക്കും. ശക്തമായ മുന്നേറ്റം നടത്തിയ മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാനാണ് സാധ്യത. കേരള കോൺഗ്രസ് (ജോസഫ്), ആർ.എസ്.പി., സി.എം.പി., കേരള കോൺഗ്രസ് (ജേക്കബ്) എന്നീ ഘടകകക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം വീതവും ലഭിക്കുമെന്നാണ് ചർച്ചകൾ.
മുന്നണിക്കുള്ളിൽ ‘അഞ്ച് എം.എൽ.എമാർക്ക് ഒരു മന്ത്രി’ എന്ന മാനദണ്ഡമാണ് പരിഗണിക്കുന്നത്. 63 അംഗബലം നേടിയ കോൺഗ്രസിന് കൂടുതൽ മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടാനാകുന്ന സാഹചര്യമുണ്ടെങ്കിലും, സ്പീക്കർ പദവിയോടൊപ്പം 12 മന്ത്രിസ്ഥാനങ്ങളിൽ ഒതുങ്ങാനാണ് ധാരണ.
22 സീറ്റുകൾ നേടിയ മുസ്‌ലിം ലീഗ് അഞ്ചാം മന്ത്രിസ്ഥാനം ഉറപ്പിക്കുമെന്നാണു വിലയിരുത്തൽ. മുൻകാലങ്ങളിൽ വിവാദമായിരുന്ന ഈ ആവശ്യം ഇത്തവണ സീറ്റുകളുടെ കരുത്തിന്റെ അടിസ്ഥാനത്തിൽ ന്യായമായ അവകാശമായാണ് മുന്നണിയിൽ കാണപ്പെടുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ലീഗിന് ലഭിക്കാനിടയുണ്ട്.
ഏഴ് എം.എൽ.എമാരുള്ള കേരള കോൺഗ്രസിന് മന്ത്രിസ്ഥാനത്തോടൊപ്പം ചീഫ് വിപ്പ് പദവിയും ലഭിക്കുമെന്നാണ് സൂചന. അതേസമയം, അസോസിയേറ്റ് അംഗങ്ങളായ ആർ.എം.പി., കേരള ഡെമോക്രാറ്റിക് പാർട്ടി എന്നിവയ്ക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്.
ഇടതുമുന്നണിയിൽ നിന്ന് വിമതരായി വിജയിച്ച ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ തുടങ്ങിയവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്നുമാണ് റിപ്പോർട്ടുകൾ. ഭൂരിപക്ഷം സീറ്റുകൾ നേടിയ സാഹചര്യത്തിൽ ധനകാര്യം പോലുള്ള പ്രധാന വകുപ്പുകൾ കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യാനാണ് സാധ്യത.










